22 കുടുംബങ്ങളെ നേരത്തെ മാറ്റിപ്പാർപ്പിച്ചു ; അടിമാലി കൂമ്പൻപാറയിൽ വൻ ദുരന്തം ഒഴിവായി: മണ്ണിടിച്ചിൽ വീടുകൾ തകർന്നു

ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ വൻ ദുരന്തം ഒഴിവായി. ലക്ഷംവീട് ഉന്നതിയിലെ വീടുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടാവസ്ഥ മുൻനിർത്തി 22 കുടുംബങ്ങളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവാക്കാനായി.
ദേശീയപാത നിർമ്മാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമായത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാരുടെ വിവരമനുസരിച്ച് ഏകദേശം പന്ത്രണ്ട് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണിട്ടുണ്ട്, അതിൽ ആറ് വീടുകൾ പൂർണ്ണമായും തകർന്നതായാണ് വിവരം.
കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് പലതവണ മണ്ണിടിച്ചിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ദേശീയപാത നിർമാണത്തിനായി മണ്ണ് മാറ്റിയ സ്ഥലത്ത് വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും വൻതോതിൽ മണ്ണ് നീക്കം ചെയ്തതുകൊണ്ട് അപകടഭീഷണി വർധിച്ചുവെന്നത് നാട്ടുകാരുടെ പ്രധാന ആശങ്കയാണ്.
സംഭവത്തെക്കുറിച്ച് മന്ത്രി റോസി അഗസ്റ്റിൻ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് ദേശീയപാത വീതികൂട്ടൽ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കഴിഞ്ഞ മൂന്ന് ദിവസമായി ഈ വഴിയിലൂടെ ഗതാഗതം നിരോധിച്ചിരുന്നു.
റവന്യൂ വകുപ്പിന്റെ നിർദേശപ്രകാരം ലക്ഷംവീട് ഉന്നതിയിലെ 22 കുടുംബങ്ങളെ സമീപത്തെ സ്കൂളിൽ ഒരുക്കിയ ക്യാമ്പിലേക്ക് മാറ്റിയതോടെ വലിയ ദുരന്തം ഒഴിവായി. എന്നാൽ, രേഖകൾ എടുക്കാനായി വീട്ടിലെത്തിയ ദമ്പതികളായ ബിജുവിനും സന്ധ്യയ്ക്കും അപകടം സംഭവിച്ചു.
രാത്രി പത്തുമണിയോടെയാണ് സംഭവം ഉണ്ടായത്. ഏകദേശം ആറുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം ഇരുവരെയും പുറത്തെടുത്തു. എന്നാൽ ബിജുവിനെ രക്ഷിക്കാനായില്ല. സന്ധ്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു.
സന്ധ്യയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് രാജഗിരി ആശുപത്രിയിലേക്കും മാറ്റി.
അപകടം നടന്ന പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനവും സുരക്ഷാ പരിശോധനകളും തുടരുകയാണ്.




