Kerala

എഡിജിപി എം ആർ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയിൽ നിന്ന് മാറ്റി

പൊലീസിലെ കായിക വകുപ്പിന്റെ ചുമതലയിൽ നിന്ന് എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല നൽകിയത്. ബോഡി ബിൽഡിങ്ങ് താരങ്ങളെ സിവിൽ പൊലീസ് ഓഫീസർമാരായി നിയമിക്കാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു.

പൊലീസ് സേനയിലെ കായികമേഖലയിലെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങൾ നോക്കിയത് എം ആർ അജിത് കുമാറാണ്. ഏതെങ്കിലും നാഷണൽ മീറ്റിലോ, കോമൺവെൽത്ത് ഗെയിംസിലോ ഒക്കെ മെഡൽ നേടിയവരെയാണ് സാധാരണ സ്‌പോർട്‌സ് ക്വാട്ടയിൽ നിയമിച്ചിരുന്നത്. എന്നാൽ അടുത്തിടെ ഒരു ബോഡി ബിൽഡിങ് താരത്തെ ഇൻസ്‌പെക്ടർ റാങ്കിൽ നിയമിക്കാനുള്ള തീരുമാനം ഏറെ ചർച്ചയായിരുന്നു.

കണ്ണൂർ സ്വദേശിയായ ഒരു വോളിബോൾ താരത്തെക്കൂടി പൊലീസിൽ നിയമിക്കാൻ സമ്മർദ്ദം ശക്തമായിരുന്നു. എന്നാൽ എഡിജിപി എം ആർ അജിത് കുമാർ ഇതിന് തയ്യാറായില്ല. സമ്മർദ്ദം ശക്തമായതോടെ അജിത് കുമാർ അവധിയിൽ പോയി. പിന്നീട് സർവീസിൽ തിരികെ കയറിയപ്പോൾ കായിക ചുമതല തന്നിൽ നിന്നും മാറ്റണമെന്ന് എഡിജിപി അജിത് കുമാർ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

ഇതേത്തുടർന്നാണ് എഡിജിപി എസ് ശ്രീജിത്തിന് പൊലീസിലെ കായിക വകുപ്പിന്റെ ചുമതല നൽകിയത്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളെ തുടർന്ന് എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. തുടർന്ന് പൊലീസ് ബറ്റാലിയന്റെ ചുമതല അജിത് കുമാറിന് നൽകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button