Kerala

അനധികൃത സ്വത്ത് സമ്പാദന കേസ് ; എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണം. ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളിൽ സർക്കാർ നൽകിയ ഹർജിയില്‍, വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി.

ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം. ഒരു എംഎൽഎ മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങൾ മാത്രമാണ് പരാതിയായി കോടതിയിൽ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാർ വാദിക്കുന്നു. കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

അന്നത്തെ വിജിലൻസ് കോടതി ഉത്തരവ്
എംആര്‍ അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസിന്‍റെ അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെടാനാകില്ലെന്നായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്. എക്‌സ്സൈസ് കമ്മീഷണര്‍ എംആര്‍ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് പ്രത്യേക വിജിലന്‍സ് കോടതി തള്ളിയത്. കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ച കോടതി അന്തിമ റിപ്പോര്‍ട്ടിലെ മുഖ്യമന്ത്രി അംഗീകരിച്ചെന്ന പരാമര്‍ശത്തെയും നിശിതമായി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി വിജിലന്‍സിന്റെ ഭരണ തലവന്‍ മാത്രമാണെന്നും അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെടാന്‍ രാഷ്ട്രീയ ഉന്നതര്‍ക്ക് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. നിയമ സംവിധാനവും നിയമവുമാണ് ഒരാളെ കുറ്റക്കാരനാക്കുന്നതും കുറ്റ വിമുക്തനാക്കുന്നതും അതില്‍ ഭരണലവനോ ഉന്നത രാഷ്ട്രീയക്കാര്‍ക്കോ ഒരു തരത്തിലും നിയമപരമായി ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. അത്തരം അന്വേഷണം സ്വതന്ത്രവും നീതിപൂര്‍ണ്ണവുമാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button