
എല്ലാ ആരോപണങ്ങളും കാറ്റിൽ പറത്തി ഈ വിജയം ആഘോഷിക്കുന്നുവെന്ന് നടി മാല പാർവതി. അമ്മ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാല പാർവതി. “പുരുഷനിലും സ്ത്രീയിലുമുണ്ടായിട്ടുള്ള വലിയൊരു ഉണർവാണ് ഇന്ന് ഈ മാറ്റത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചത്. ഈ ജയം സ്ത്രീകൾ മാത്രം നടത്തിയ ഒരു പോരാട്ടമായിരുന്നില്ല, പുരുഷൻമാരുടേത് കൂടിയായിരുന്നു. സ്ത്രീകളെ മുന്നിൽ നിർത്തിയാണ് പലപ്പോഴും പലരും ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. അതെല്ലാം കാറ്റിൽ പറത്തി കൊണ്ട് ഈ ജയം വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു.
വലിയ ആനന്ദമാണ്. ശ്വേത പ്രസിഡന്റാകുന്നു, കുക്കു ജനറൽ സെക്രട്ടറിയാകുന്നു. ജോയിന്റ് സെക്രട്ടറിയായി അൻസിബ വരുന്നു. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയ വരുന്നു. നീന കുറുപ്പ്, സരയു എന്നിവരൊക്കെ ജയിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായിട്ട്, പുരുഷൻമാരുടെ മാത്രം പേരെഴുതിയിരുന്നിടത്ത് എല്ലാ മെയിൻ സീറ്റുകളിലടക്കം എത്രയോ സ്ത്രീകളാണ് നേതൃ നിരയിലേക്ക് വരുന്നത്. വലിയ പ്രതീക്ഷയാണ്.
എല്ലാവരുടെയും പിന്തുണ ആവശ്യമാണ്”.- മാല പാർവതി പറഞ്ഞു. സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ അൻസിബ് നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.