
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. അവള്‍ക്കൊപ്പം എന്നെഴുതിയ ബാനര്‍ പിടിച്ചു നില്‍ക്കുന്ന തന്റെ ചിത്രമാണ് റിമ പങ്കുവച്ചിരിക്കുന്നത്. ‘എപ്പോഴും, മുമ്പെന്നത്തേക്കാളും ശക്തിയോടെ ഇപ്പോള്‍’ എന്ന കുറിപ്പാണ് ചിത്രത്തോടൊപ്പം റിമ പങ്കുവച്ചിരിക്കുന്നത്.
അതേസമയം കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. എട്ടാം പ്രതിയായ ദിലീപിനൊപ്പം ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനല്‍കുമാര്‍, പത്താം പ്രതി ശരത് ജി നായര്‍ എന്നിവരേയും കോടതി വെറുതെ വിട്ടു.
ദിലീപിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധിന്യായത്തില്‍ പറഞ്ഞു. അതേസമയം തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് വിധിക്ക് പിന്നാലെ ദിലീപ് പ്രതികരിച്ചു. തന്നെ പ്രതിയാക്കി കരിയര്‍ നശിപ്പിക്കുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ് പറഞ്ഞു. ഈ വിധിയോടെ പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞുവെന്നും ദിലീപ് പറഞ്ഞു.




