നടിയെ ആക്രമിച്ച കേസ്: ശിക്ഷ സമൂഹത്തിന് മാതൃകയാകണമെന്ന് പ്രോസിക്യൂഷന്

അതിജീവിത നിരപരാധിയായ സ്ത്രീ ആണെന്നും കടന്നു പോയത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അതിന് കാരണം ഈ പ്രതികളാണെന്നും നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്. യഥാര്‍ത്ഥ കുറ്റവാളി മറഞ്ഞിരിക്കുകയാണ് പ്രതികളുടെ ശിക്ഷ സമൂഹത്തിന് മാതൃകയാകേണ്ടതാണെന്നും പ്രോസിക്യൂഷന് സെഷന്‍സ് കോടതിയില്‍ പറഞ്ഞു.
എന്നാല്‍ സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടത് എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. വാദിക്കാന്‍ കുറച്ചു കൂടി സമയം പ്രൊസിക്യൂഷന് തേടിയ ഘട്ടത്തിലാണ് കോടതി മറുപടി നല്‍കിയത്.
നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയ പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജകുമാര്‍.
എല്ലാവരും കൂടെ ചെയ്ത കുറ്റകൃത്യമാണ് കൂട്ടബലാത്സംഗത്തില്‍ കലാശിച്ചത് ശിക്ഷയുടെ കാര്യത്തില്‍ ഒരു വേര്‍തിരിവും പാടില്ല എല്ലാവര്ക്കും കൂട്ട് ഉത്തരവാദിത്വമുണ്ടെന്നും എല്ലാവരും തമ്മില്‍ കണക്ട് ആണെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
അതേസമയം, പരമാവധി ശിക്ഷ നല്‍കാനുള്ള സാധ്യത ഇവിടെ ഇല്ലെന്നാണ് പള്‍സര്‍ സുനി അഭിഭാഷകന് പറഞ്ഞത്. അതിക്രൂരമായ കുറ്റകൃത്യം നടന്നിട്ടില്ല. ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി താരതമ്യം ചെയ്യാന്‍ ആവില്ലെന്ന് പള്‍സറിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. എന്നാല്‍ അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
പ്രതികള്‍ക്ക് പറയാനുള്ളതും കോടതി കേട്ടു. വീട്ടില്‍ അമ്മ മാത്രമെ ഉള്ളൂ എന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മാര്‍ട്ടിനും ഭാര്യയും 2 ചെറിയ കുട്ടികളുമുണ്ടെന്ന വാദം മണികണ്ഠനും മുന്നോട്ട് വെച്ചു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് മാത്രമാണ് വിജീഷ് അഭ്യര്‍ഥിച്ചത്.



