KeralaNews

നടിയെ ആക്രമിച്ച കേസ് ; ജഡ്ജിയെ ലക്ഷ്യമാക്കിയുള്ള നിയമോപദേശം ജുഡീഷ്യറിയോടുള്ള അവഹേളനം : അഭിഭാഷകൻ കുളത്തൂർ ജയ്സിങ്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) നൽകിയ നിയമോപദേശം കുബുദ്ധിയുടെ ഭാ​ഗമാണെന്ന് അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ്. വിചാരണ കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ നിയമ സെക്രട്ടറിയുടെയോ അഡ്വക്കേറ്റ് ജനറലിന്റെയോ കൂടി നിയമോപദേശം സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങാണ് ചീഫ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. നടൻ ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമ്പോൾ നിലനിൽക്കുന്ന നിയമവസ്തുതകൾ ചൂണ്ടിക്കാണിച്ചായിരിക്കണം നടപടി സ്വീകരിക്കേണ്ടതെന്നും പരാതിയിൽ പറയുന്നു.

വിചാരണ ജഡ്ജിക്ക് വിധി പറയാനുള്ള യോഗ്യതയില്ലെന്ന തരത്തിലുള്ള നിയമോപദേശമാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ നൽകിയതെന്നും, ഇത്തരത്തിലുള്ള നിലനിൽക്കാത്ത വാദങ്ങൾ മേൽക്കോടതിയിൽ സർക്കാരിന് തിരിച്ചടിയാകുമെന്നുമാണ് ആരോപണം. കേസിന്റെ വിചാരണ ഘട്ടങ്ങളിൽ ജഡ്ജിക്കെതിരെ സർക്കാർ ഇതുവരെ യാതൊരു ഹർജിയും നൽകിയിരുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കേസിൽ ആദ്യമായി അന്തിമ റിപ്പോർട്ട് നൽകിയ അന്വേഷണ സംഘത്തിന്റെ അടിസ്ഥാനത്തിൽ ചില പ്രതികളെ കോടതി ശിക്ഷിച്ചിരുന്നുവെന്നും, പിന്നീട് മറ്റൊരു അന്വേഷണ സംഘമാണ് അധിക പ്രതികളെ ഉൾപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. ഈ സാഹചര്യങ്ങളിൽ ആദ്യ അന്വേഷണ സംഘത്തിനെതിരെ ആഭ്യന്തരവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അഡ്വ. ജയ്സിങ് ആരോപിക്കുന്നു.

ഇപ്പോൾ ജഡ്ജിയെ ലക്ഷ്യമാക്കി വൈകിയുള്ള നിയമോപദേശങ്ങൾ നൽകുന്നത് ജുഡീഷ്യറിയെ അവഹേളിച്ച് പൊതുജന ശ്രദ്ധ നേടാനും പ്രോസിക്യൂഷന്റെ പിഴവുകൾ മറയ്ക്കാനുമുള്ള ശ്രമമാണെന്നും പരാതിയിൽ ചൂണ്ടികാട്ടുന്നു. അതിനാൽ വിചാരണ കോടതി വിധിക്കെതിരായ അപ്പീലിൽ നിയമ സെക്രട്ടറിയുടെയോ അഡ്വക്കേറ്റ് ജനറലിന്റെയോ നിയമോപദേശം കൂടി സർക്കാർ ഉറപ്പാക്കണമെന്നും അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button