KeralaNews

‘യഥാര്‍ത്ഥത്തില്‍ ഇതാണ് സംഭവിച്ചത്, ഇപ്പോള്‍ എല്ലാം ഒകെയാണ്’; കുറിപ്പുമായി അഹാന കൃഷ്ണ

ബിസിനസ് സംരഭകയും സഹോദരിയുമായ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികരിച്ച് അഹാന കൃഷ്ണ. സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതോടെ ഒത്തുതീര്‍പ്പിനായി ജീവനക്കാരാണ് തങ്ങളെ കാണാന്‍ വന്നതെന്നും ഒടുക്കം രക്ഷപ്പെടാനായി വ്യാജ പരാതി നല്‍കുകയായിരുന്നുവെന്നും അഹാന പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

‘നാല് വര്‍ഷം മുന്‍പ് സഹോദരി ദിയ കൃഷ്ണ ആരംഭിച്ച ‘ഓ ബെ ഓസി’ എന്ന ബിസിനസ് സംരംഭം വിജയകരമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി കടയിലെ മൂന്ന് ജീവനക്കാര്‍ സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം ക്യൂആര്‍ കോഡ് സ്ഥാപിച്ച് പണം തട്ടുകയായിരുന്നു. ദിയയുടെ അറിവില്ലാതെ കടയിലെ ആഭരണങ്ങള്‍ റീസെല്ലിംഗും ചെയ്തുവന്നിരുന്നു. ഗര്‍ഭിണിയായ ശേഷമുള്ള അനാരോഗ്യത്തെ തുടര്‍ന്ന് ദിയ കടയിലേക്ക് പോയിരുന്നില്ല. ഈ മൂന്ന് ജീവനക്കാരെ പൂര്‍ണ്ണമായി വിശ്വസിച്ചായിരുന്നു സ്ഥാപനം മുന്നോട്ട് പോയത്. മെയ് 29 നാണ് ഞങ്ങള്‍ കാര്യങ്ങള്‍ അറിയുന്നത്. പിന്നാലെ മെയ് 30 ന് മൂന്ന് പേരും കുടുംബത്തോടൊപ്പം തങ്ങളെ വന്നുകാണുകയും കുറ്റം സമ്മതിക്കുകയും തട്ടിയ പണം തിരികെ തരുമെന്ന് അറിയിക്കുകയും ചെയ്തു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് പ്രകാരം ഏകദേശം 70 ലക്ഷം രൂപയായിരുന്നു ഇതെന്നും അഹാന വ്യക്തമാക്കി.

മൂന്നോ നാല് ദിവസത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിനെതിരെ പരാതികൊടുക്കാനുള്ള ഒരു മോശം ബുദ്ധി ആരോ അവര്‍ക്ക് ഉപദേശിച്ചുകൊടുത്തു. കുറ്റം സമ്മതിക്കാനായി ഞങ്ങള്‍ അവരെ തട്ടിക്കൊണ്ടുപോയെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഒത്തുതീര്‍പ്പിനായി അവര്‍ ഞങ്ങളെ വന്നു കണ്ടുവെന്നതാണ് സത്യത്തില്‍ സംഭവിച്ചത്. വളരെ മാന്യമായാണ് അവരോട് സംസാരിച്ചത്. ജൂണ്‍ 2 നാണ് അവര്‍ വ്യാജ പരാതി നല്‍കിയത്. ഇന്ന് രാവിലെ അവര്‍ എന്റെ കുടുംബത്തിനെതിരായ കെട്ടിച്ചമച്ച കേസിന്റെ വിവരങ്ങള്‍ പുറത്തുവിടുകയും കുടുംബത്തെ അപകീര്‍ത്തിപ്പെടുകയും ചെയ്തു. അവര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് അവരെ തുറന്നുകാട്ടുകയെന്നത് മാത്രമാണ് മുന്നിലുണ്ടായിരുന്ന വഴി. അതാണ് സംഭവിച്ചത്. ഇപ്പോള്‍ കാര്യങ്ങളെല്ലാം ഒകെയാണ്. ഈ മൂന്ന് തട്ടിപ്പുകാര്‍ക്കെതിരെയും ഇതെല്ലാം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചവര്‍ക്കെതിരെയും ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോകും’, അഹാന പറയുന്നു.

ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി പണം തട്ടിയെന്ന് ആരോപിച്ചാണ് ദിയ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരെ ദിയ പൊലീസിലും പരാതി നല്‍കിയിരുന്നു. പിന്നാലെ തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാരോപിച്ച് ജീവനക്കാര്‍ നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ നല്‍കിയ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

ഇതിനിടെ ജീവനക്കാര്‍ കുറ്റം സമ്മതിച്ചുവെന്ന് കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. മുന്‍ ജീവനക്കാര്‍ക്കൊപ്പം നടി അഹാന, ദിയ, ദിയയുടെ ഭര്‍ത്താവ് അശ്വിന്‍, കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു, മറ്റ് മക്കളായ ഇഷാനി, ഹന്‍സിക എന്നിവരേയും കാണം. അഹാനയും സിന്ധുവും ദിയയുമാണ് മുന്‍ ജീവനക്കാരോട് സംസാരിക്കുന്നത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button