
നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകുന്നേരം നാലു മണിയോടെ മുടവൻമുകളിലെ കുടുംബവീട്ടലാണ് സംസ്കാരം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചി എളമക്കരയിലെ വസതിയിലാണ് അന്തരിച്ചത്. ഇന്നലെ രാത്രി റോഡുമാർഗം മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു.
പത്തരയോടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട ആംബലൻസ് പുലർച്ചയോടെയാണ് തിരുവനന്തപുരത്തെത്തിയത്. ഇന്ന് രാവിലെ മുതൽ തിരുവനന്തപുരത്തെ വസതിയിൽ പൊതുദർശനമുണ്ടാകും. ഇന്നലെ വൈകിട്ട് എളമക്കരയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ നടൻ മമ്മൂട്ടി, മന്ത്രി പി രാജീവ്, വി ഡി സതീശൻ തുടങ്ങി സിനിമ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടി കേരളത്തിൽ എത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് തൻ്റെ അമ്മയെയായിരുന്നു. ശാന്തകുമാരിയുടെ കഴിഞ്ഞ പിറന്നാൾ മോഹൻലാല്‍ ആഘോഷമാക്കിയിരുന്നു. മേജർ രവി, ആന്റണി പെരുമ്പാവൂർ, തുടങ്ങിയ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു ആഘോഷം നടന്നത്.



