നടി ആക്രമിക്കപ്പെട്ട കേസ്; അപ്പീൽ അനുമതിക്കായി സർക്കാരിന് കൈമാറി
നടി ആക്രമിക്കപ്പെട്ട കേസിൽ അപ്പീൽ അനുമതിക്കായി സർക്കാരിന് കൈമാറി. സുതാര്യമായ വിചാരണ നടന്നില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിക്കും.ദിലീപ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ ഉത്തരവ് നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പരിശോധിച്ച ശേഷമാണ് അപ്പീൽ സർക്കാരിന് കൈമാറിയത്.
വിചാരണ കോടതിയിൽ നിന്ന് മേൽകോടതിയിലേക്ക് പോകാൻ തങ്ങൾക്ക് പാസ്‌പോർട്ട് ലഭിച്ചെന്നായിരുന്നു അജകുമാർ പറഞ്ഞിരുന്നത്. കഴിഞ്ഞ ഏഴര വർഷമായി വിചാരണ കോടതിയിൽ ശ്വാസംമുട്ടിയാണ് നിന്നിരുന്നതെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. സർക്കാർ അനുമതി ലഭിച്ചാലുടൻ അപ്പീൽ നൽകാനാണ് തീരുമാനം.
ഒന്ന് മുതൽ ആറ് വരെ ശിക്ഷിച്ച പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വേണമെന്ന് അപ്പീലിൽ ആവശ്യപ്പെടും. എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെയുമാണ് അപ്പീൽ നൽകുക. വിചാരണ കോടതി അവഗണിച്ച തെളിവുകളെല്ലാം ഹൈക്കോടതിയിലേക്ക് എത്തുമ്പോൾ അംഗീകരിക്കുമെന്നും ഗൂഢാലോചന കുറ്റം കൃത്യമായി തെളിയിക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനുള്ളത്.


