News

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ നടപടി; പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്‌ടർമാരെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനി (ഒൻപത്) വലതു കൈയാണ് മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്നു കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. വീടിന് സമീപത്ത് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയുടെ കൈക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് പ്ലാസ്റ്റർ ഇട്ടത്. രക്തയോട്ടം നിലച്ച് നീര് വച്ച് പഴുത്ത സ്ഥിതിയിലായ കൈ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് മുറിച്ചുമാറ്റിയത്. സംഭവത്തിൽ ചികിത്സാ പിഴവ് ഇല്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് വിശദീകരിക്കുകയും ഡിഎംഒ നിയോഗിച്ച സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത ശേഷമാണ് ഡോക്ടർമാർക്കെതിരെ നടപടി.

സെപ്റ്റംബർ 24-ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ വെച്ച് കൈയിൽ പ്ലാസ്റ്റർ ഇട്ടു. അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റർ മാറ്റിയപ്പോഴാണ് കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലാണെന്ന് തിരിച്ചറിഞ്ഞത്. പ്ലാസ്റ്റർ ഇട്ടതുകൊണ്ടുള്ള പ്രശ്നമല്ലെന്നും കയ്യിൽ വലിയ മുറിവ് ഉണ്ടായിരുന്നില്ലെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. കൈ പൂർണമായും പ്ലാസ്റ്റർ ഇട്ടിരുന്നില്ല. 24, 25, 30 തീയതികളിലാണ് കുട്ടിയെ കൊണ്ടുവന്നത്. നീരുണ്ടെങ്കിൽ വരണമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരുണ്ടായ ഉടൻ എത്തിച്ചില്ലെന്നും സൂപ്രണ്ട് ഡോക്ടർ ജയശ്രീ കുറ്റപ്പെടുത്തി.

സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പെൺകുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നു, സെപ്തംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു, പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു – എന്നിങ്ങനെയാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് സംഭവം അന്വേഷിച്ചത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് ഡിഎംഒയ്ക്ക് കൈമാറി. ഡോക്ടർമാരെ പിന്തുണച്ച് കെജിഎംഒഎയും രംഗത്തെത്തി. കുട്ടിയ്ക്ക് പരമാവധി ചികിത്സ നൽകിയിരുന്നതായി കെജിഎംഒഎ വ്യക്തമാക്കി. കൈമുറിച്ചു മാറ്റേണ്ടി വന്നത് അപൂർവമായി സംഭവിക്കുന്ന ചികിത്സ സങ്കീർണത മൂലമാണെന്നും സംഘടനാ നേതാക്കൾ വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button