News

ഗിന്നസ് വേൾഡ് റെക്കോർഡിനായി നടത്തിയ നൃത്തപരിപാടിക്കിടെ സംഭവിച്ച അപകടത്തിൽ ദിവ്യ ഉണ്ണിക്കെതിരെയും മന്ത്രി സജി ചെറിയാനെതിരെയും തുറന്നടിച്ച് ഉമ തോമസ്

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിനായി നടത്തിയ നൃത്തപരിപാടിക്കിടെ സംഭവിച്ച അപകടത്തിൽ നടി ദിവ്യ ഉണ്ണിക്കെതിരെയും മന്ത്രി സജി ചെറിയാനെതിരെയും വിമർശനവുമായി ഉമ തോമസ് എംഎൽഎ. സമൂഹം ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിയെന്ന നിലയിൽ ചെയ്യേണ്ട ഉത്തരവാദിത്തം അപകടം നടന്ന സമയത്ത് ദിവ്യ ഉണ്ണി ചെയ്തില്ലെന്ന് ഉമ തോമസ് പറഞ്ഞു. വേണ്ട സമയത്ത് വിളിക്കാൻ പോലും അവർ തയ്യാറായില്ല. അപകടത്തിന് ശേഷം പരിപാടിയിൽ തുടർന്ന സാംസ്‌കാരികമന്ത്രിക്ക് സംസ്‌കാരമുണ്ടോ എന്ന സംശയമുണ്ടാക്കിയെന്നും ഉമ തോമസ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഉമ തോമസിന്റെ വാക്കുകളിലേക്ക്

‘താൻ വീണ് പരിക്കേറ്റ ശേഷവും മന്ത്രി പരിപാടിയിൽ തുടർന്നു. ഈ സമീപനത്തോടെ സംസ്‌കാരിക മന്ത്രിക്ക് സംസ്‌കാരമുണ്ടോ എന്ന സംശയമുണ്ടാക്കി. അഴയിലിട്ട തുണി താഴേക്ക് വീണ ലാഘവത്തോടെയാണ് വീഴ്ചയ്ക്ക് ശേഷം പലരും സ്വന്തം സീറ്റുകളിൽ ഇരുന്ന് പരിപാടിയിൽ പങ്കെടുത്തത്. എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കാൻ പോലും മന്ത്രിയുൾപ്പടെയുള്ളവർ തയ്യാറായില്ല.മഞ്ജു വാര്യർ വന്ന ശേഷം എന്നെ ദിവ്യ ഉണ്ണി വിളിച്ചിരുന്നു. ഒരു പക്ഷേ, മഞ്ജുവിനോട് ഞാൻ എന്റെ വിഷമം പറഞ്ഞിരുന്നു. ശേഷം അടുത്ത ഞായറാഴ്ച തന്നെ ദിവ്യ ഉണ്ണി എന്നെ വിളിച്ചു. ഇത് ദിവ്യ തന്നെയാണോ എന്ന് ഞാൻ കളിയാക്കി ചോദിച്ചു. ഇപ്പോഴല്ല പ്രതികരിക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. നിങ്ങളെ പോലുള്ള പ്രമുഖരായ വ്യക്തിത്വങ്ങൾ ഒരിക്കലും ഒരു സോഷ്യൽ റെസ്‌പോൺസിബിലിറ്റിയിൽ നിന്ന് മാറിനിൽക്കാൻ പാടില്ല. നമ്മൾക്ക് ചില ചുമതലകളുണ്ട്, മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരാണ്. നമ്മളെ കണ്ടിട്ടാണ് മറ്റുള്ളവർ പഠിക്കുന്നതെന്ന് ഞാൻ അവരോട് പറഞ്ഞു’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button