സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനത്തില്‍ ഇന്നും തീരുമാനമായില്ല. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവച്ചു. റഹീമിന്റെ കേസുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ ഉള്ളത് കൊണ്ടല്ല സിറ്റിങ് നീട്ടിയതെന്നും മറിച്ച് റിയാദ് കോടതിയിലുണ്ടായ സാങ്കേതിക കാരണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വഴിയാണ് കോടതി ചേര്‍ന്നത്. ഇന്ന് ലിസ്റ്റ് ചെയ്ത ഒരു കേസും പരിഗണിച്ചില്ല. കഴിഞ്ഞ രണ്ട് തവണയും കേസില്‍ വിധി പറയുന്നത് മാറ്റിവച്ചിരുന്നു. അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് കുടുംബം പ്രതീക്ഷിച്ചിരുന്നത്. മോചന ഹര്‍ജിയില്‍ ആദ്യ സിറ്റിങ് ഒക്ടോബര്‍ 21നാണ് നടന്നത്. എന്നാല്‍ ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്നു പറഞ്ഞ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17ന് വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാല്‍ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ മറ്റൊരു സിറ്റിങ്ങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബര്‍ എട്ടിന് നടന്ന അടുത്ത സിറ്റിങിലും കേസില്‍ വിധി പറഞ്ഞില്ല.