Kerala

ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

മലപ്പുറം: ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. നറുകര അടുങ്ങംപുറം നഗറിലെ വേലായുധന്റെ മകന്‍ നിഷാന്ത് (40) ആണ് മരിച്ചത്. നറുകര അത്തിക്കോട് നഗര്‍ ശ്മശാനത്തിന് താഴെ കവുങ്ങിന്‍ തോപ്പിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടത്. ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

നിഷാന്തിന്റേത് അപകട മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കവുങ്ങില്‍ നിന്ന് പറിച്ച അടക്ക, അഴിച്ചുവെച്ച നിലയില്‍ ചെരുപ്പ്, ഷര്‍ട്ട്, മുണ്ട്, എന്നിവയും മൊബൈല്‍ ഫോണും കണ്ടെത്തി. അടയ്ക്ക പറിക്കാനായി കയറിയപ്പോള്‍ പിടിവിട്ട് കവുങ്ങില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കുറച്ച് ദിവസമായി നിഷാന്ത് വീട്ടിലെത്തിയിരുന്നില്ല. ദൂരെയെവിടെയോ ജോലിക്ക് പോയതാകുമെന്നാണ് അമ്മ യശോദയും സഹോദരങ്ങളും കരുതിയത്. നിഷാന്ത് അവിവാഹിതനാണ്. നിജേഷ്, റിഷ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button