News

പത്മജയുടെ കോൺഗ്രസ് തിരിച്ചുവരവ്; കെ. മുരളീധരന്റെ മൗനത്തിന് പിന്നിലെന്ത്? ‘പ്രതിപക്ഷ നേതാവിന് പണി കുറഞ്ഞു’ എന്ന പരിഹാസവും ചർച്ചയാകുന്നു!

പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കെ. മുരളീധരൻ ആവർത്തിച്ചു. പാർട്ടി തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായം പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തുടർകാര്യങ്ങൾ തീരുമാനിക്കും. ബിജെപി വിട്ട് ആളുകൾ വരുന്നത് നല്ലതാണെന്നും പ്രതിപക്ഷ നേതാവിന് ഇപ്പോൾ പണി കുറവാണെന്നും ആ പണി മറ്റു ചിലർ ഏറ്റെടുത്തിട്ടുണ്ടെന്നും മുരളീധരൻ പരിഹസിച്ചു. ഇതോടെ ആരോഗ്യവകുപ്പിന്റെ മെക്കിട്ട് ആരും കയറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിന് കത്ത് നൽകാനൊരുങ്ങുകയാണ് പത്മജ വേണുഗോപാൽ. പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെ പത്മജ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു. ചർച്ചകൾക്ക് ശേഷമായിരിക്കും തിരിച്ചെടുക്കുന്നതിൽ പാർട്ടി അന്തിമ തീരുമാനമെടുക്കുക.

ബിജെപിയിൽ പോയത് തെറ്റായിപ്പോയെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുകയാണെന്നും പത്മജ വ്യക്തമാക്കി. പാർട്ടിയുടെ ആശയങ്ങൾ പഠിക്കാതെ എടുത്തുചാടിയതാണെന്നും അവർ പറഞ്ഞു. രാജിക്കാര്യം ആദ്യം അറിയിച്ചത് കെ. മുരളീധരനെയാണെന്നും ചേട്ടനെ തിരിച്ചുകിട്ടിയതിൽ സന്തോഷമുണ്ടെന്നും പത്മജ കൂട്ടിച്ചേർത്തു. പദവി കിട്ടാത്തതിനാലല്ല രാജിയെന്നും ബിജെപി വാഗ്ദാനങ്ങളൊന്നും നൽകിയിരുന്നില്ലെന്നും അവർ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നുവെന്നും കോൺഗ്രസിൽ പദവി ലക്ഷ്യമിട്ടല്ല മടങ്ങിവരുന്നതെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ വ്യക്തമാക്കി.

പത്മജയുടെ രാജിയിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും അതിനാൽ മറുപടി പറയേണ്ടത് താനല്ലെന്നും അദ്ദേഹം പറഞ്ഞു. പത്മജയുടെ രാജി നിർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ. അനീഷ് കുമാർ പ്രതികരിച്ചു. പത്മജയുമായി നല്ല ബന്ധമാണുള്ളതെന്നും അവർ പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും പറഞ്ഞ അനീഷ് കുമാർ, ഈ രാജി ബിജെപിയെ ബാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button