News

രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു; എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ബിൽ ഇനി അസാധു

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവകലാശാല ബിൽ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ അസാധുവായി. സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് 2025ലെ ബിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബിൽ അസാധുവാക്കാനുള്ള അനുമതി നൽകിയത്. പുതിയ ബിൽ കൊണ്ടുവരാനാണ് പഴയ ബിൽ പിൻവലിക്കുന്നത്.

ബിൽ പിൻവലിക്കാനുള്ള പ്രമേയം കഴിഞ്ഞമാസം 12ന് നിയമസഭ പാസാക്കിയിരുന്നു. അതിന് ശേഷം ഗവർണർ മുഖേനെയായിരുന്നു രാഷ്ട്രപതി ഭവന്റെ അനുമതി തേടിയത്. ഇടത് കാലത്ത് പാസാക്കിയ ബില്ലിൽ ഇതുവരെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നില്ല. പുതിയ ബിൽ ഉടനുണ്ടാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് സ്ഥിര താമസക്കാരായ വിദ്യാർത്ഥികൾക്ക് 40 ശതമാനം സീറ്റ് നീക്കി വച്ചതടക്കം വിവാദ വ്യവസ്ഥകൾ ഒഴിവാക്കിയാവും പുതിയ ബിൽ. സ്വകാര്യ സർവകലാശാലയില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.

പ്രവേശനത്തിന് വാസ സ്ഥലം ബാധകമാക്കരുതെന്ന് പി.ജി മെഡിക്കൽ കേസിൽ സുപ്രീംകോടതി ഉത്തരവുള്ളതിനാൽ, ആദ്യ ബില്ലിലെ 40 ശതമാനം കേരള ക്വോട്ട ഭരണഘടനാവിരുദ്ധമാവുമെന്ന് നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലില്ലാത്ത പട്ടികവിഭാഗ സംവരണവും ഫീസിളവും സ്കോളർഷിപ്പും ആദ്യ ബില്ലിലുണ്ടായിരുന്നു.

ക്യാമ്പസിന് പുറത്ത് കേരളത്തിലെവിടെയുമുള്ള എത്ര കോളേജുകളെയും ഉപ ക്യാമ്പസുകളായി കൂട്ടിച്ചേർക്കാമെന്ന വ്യവസ്ഥയും യു.ജി.സി ചട്ടത്തിന് വിരുദ്ധമായതിനാൽ ഒഴിവാക്കും. അഞ്ചു വർഷം പ്രവർത്തിച്ച ശേഷമേ ഉപ ക്യാമ്പസുകൾ തുറക്കാനാവൂ.എൻജിനിയറിംഗ്, നിയമം, ഫാർമസി, പാരാമെഡിക്കൽ എന്നിങ്ങനെ വിവിധ പഠന ശാഖകളുള്ള മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളാവും. ട്രഷറിയിൽ 25 കോടി നിക്ഷേപവും പത്തേക്കർ ഭൂമിയുമുള്ള ട്രസ്റ്റുകൾക്കും ഏജൻസികൾക്കും ഗ്രൂപ്പുകൾക്കും അപേക്ഷിക്കാമെന്ന മുൻ ബില്ലിലെ വ്യവസ്ഥയിലും ഇളവ് നൽകിയേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button