രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്; ‘തമിഴക വെട്രി കഴകം’
തമിഴ് രാഷ്ട്രീയ – സിനിമ രംഗത്ത് ദീർഘകാലമായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടൻ വിജയ് നയിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. 2026 ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും. രാഷ്ട്രീയം തനിക്കൊരു ഹോബിയല്ലെന്നും നടൻ വിജയൻ വാർത്താ കുറിപ്പില്‍ വ്യക്തമാക്കി.
ഇതുവരെ കരാറായിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയശേഷം അഭിനയം ഉപേക്ഷിക്കുമെന്നു വിജയ് പുറത്തുവിട്ട കത്തിൽ പറയുന്നു. വിജയാണ് പാർട്ടി ചെയർമാൻ. ഇന്ത്യയിൽ ശക്തമായ ജാതി മത രാഷ്ട്രീയത്തിനെതിരെ പ്രവർത്തിക്കുമെന്ന് വിജയ് അറിയിച്ചു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം ആരെയും പിന്തുണയ്ക്കില്ലെന്നും, ലക്ഷ്യം 2026 നിയമസഭ തെരഞ്ഞെടുപ്പാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്. ഈ മാസം ആദ്യ ആഴ്ച തന്നെ പാർട്ടിയുടെ ഔദ്യോഗിക പതാകയും പുറത്തിറക്കും.

പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.
പതിറ്റാണ്ടുകളായി തമിഴ് സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വിജയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 68 ചലച്ചിത്രങ്ങളില്‍ അഭിനയിച്ച വിജയ് തന്റെ ആരാധക കൂട്ടായ്മകള്‍ സജീവമായി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, സൗജന്യ ഭക്ഷ്യവിതരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം, വായനശാലകള്‍, സായാഹ്ന ട്യൂഷന്‍, നിയമസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിജയ് ഫാന്‍സ് തമിഴ്‌നാട്ടിലുടനീളം ചെയ്തുകൊണ്ടിരിക്കുന്നത്.