KeralaNews

കേരളത്തില്‍ ആദ്യം; കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കി വ്യത്യസ്തനായി അങ്കമാലി സ്വദേശി ജോസ്. മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് ബസ് വാങ്ങി നല്‍കിയതെന്ന് ജോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കുന്നതെന്ന് മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി. ബസ് അങ്കമാലി ഡിപ്പോയ്ക്ക് കൈമാറും.

‘മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവന ഉണ്ടായിരുന്നു ബസ് ആരെങ്കിലും സംഭാവന ചെയ്യുകയാണെങ്കില്‍ നല്ലതായിരുന്നു എന്ന്. ആ ഒരു നല്ല കാര്യത്തിന് വേണ്ടിയിട്ടാണ് ബസ് വാങ്ങി നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ പോകുന്നത്. എന്നെ സംബന്ധിച്ച് ഒരു തോന്നല്‍ വന്നു. അങ്ങനെ കൊടുക്കാന്‍ തീരുമാനിച്ചു. ഒരു നല്ല ബസ് കിടന്നോട്ടെ എന്ന് കരുതിയിട്ട് ചെയ്തു എന്ന് മാത്രം.’- ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

റോബോട്ടിക് കാര്‍ പാര്‍ക്കിങ് സിസ്റ്റം എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്. ബസ് വാങ്ങുന്നതിനുള്ള തുക ചെക്കായി ജോസ് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. മുഖ്യമന്ത്രി ചെക്ക് ഗതാഗതമന്ത്രിക്ക് കൈമാറി. ജോസ് ഒരാവശ്യം സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. അങ്കമാലി സ്വദേശി എന്ന നിലയില്‍ ബസ് അങ്കമാലി ഡിപ്പോയ്ക്ക് കൈമാറണമെന്നതാണ് ജോസിന്റെ ആവശ്യം. പ്രിയദര്‍ശിനി പദ്ധതി നൂറ് ദിവസം പിന്നിട്ട പശ്ചാത്തലത്തില്‍ വിവിധ കോണുകളില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് വലിയ തോതിലുള്ള പിന്തുണ ലഭിക്കുന്നുണ്ട്. എങ്കിലും സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തില്‍ ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നല്‍കിയത് കെഎസ്ആര്‍ടിസിക്ക് ആശ്വാസമാകും. ബസ് ആരെങ്കിലും സംഭാവന ചെയ്യുകയാണെങ്കില്‍ നല്ലതാണെന്നും സ്വകാര്യ ബസ് തന്നെ കെഎസ്ആര്‍ടിസി ആക്കാവുന്നതാണെന്നും ഗതാഗതമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button