Kerala
റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ അപകടം; സിപ്ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

കാസർകോട് റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് എത്തിയ ടൂറിസ്റ്റ് യുവതി സിപ്ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാബെൽറ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ അബദ്ധത്തിൽ സനൂപിന്റെ കൈയിൽ കയറിപ്പിടിക്കുകയായിരുന്നു.
യുവതിയോടൊപ്പം സിപ്ലൈനിൽ തൂങ്ങി 300 മീറ്ററോളം അകലെ ലാൻഡിങ് സ്ഥലത്തിനു സമീപം വരെ സനൂപ് എത്തിയെങ്കിലും പിടിവിട്ട് വലിയ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണു സനൂപ് ജോലിയിൽ പ്രവേശിച്ചത്. അമ്മ ജാനകി. സഹോദരങ്ങൾ: ശരത്, ശ്യാം.




