NationalNews

ഡല്‍ഹിയില്‍ നടത്താനിരുന്ന രണ്ടാംഘട്ട പ്രക്ഷോഭം പിന്‍വലിച്ച് സിജെപി; കേസുകൾ റദ്ദാക്കാൻ സുപ്രീം കോടതി അനുമതി

സെപ്റ്റംബര്‍ 5ന് ഡല്‍ഹിയില്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് പിന്‍വലിക്കുന്നതായി കോക്ക്രോച്ച് ജനതാ പാര്‍ട്ടി സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതടക്കമുള്ള ഉറപ്പുകളിന്മേലാണ് നടപടി. അതില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചതായി സിജെപി അറിയിച്ചത്. ഇതിനിടെ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കി.കേന്ദ്ര സർക്കാരിന്റെ ഹർജിയിലാണ് നടപടി. ക്രിമിനൽ പശ്ചാത്തലം ഉള്ള 2873 പേർക്കെതിരായ കേസുകൾ തുടരും. ദില്ലി, മഹാരാഷ്ട്ര, ബിഹാർ, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ കേസുകളാണ് റദ്ദാക്കിയത്. സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടാത്ത മറ്റ് കേസുകളിലെ നടപടികളും അവസാനിപ്പിക്കണമെന്ന് നിർദ്ദേശം.

സിജെപിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ സംതൃപ്തിയെന്ന് സിജെപി സഹകണ്‍വീനര്‍ സൗരവ് ദാസ് പറഞ്ഞു. സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായാണ് സിജെപി പ്രതിഷേധ മാര്‍ച്ച് പിന്‍വലിക്കുന്നതില്‍ വിശദീകരണം നല്‍കിയത്. സിജെപിയുടെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യ കാന്ത് സ്വാഗതം ചെയ്തു.

ഇന്ത്യാ ഗേറ്റില്‍ നിന്ന് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്കാണ് സെപ്റ്റംബര്‍ 5ന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് 24നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. നീറ്റ് പരീക്ഷ റദ്ദാക്കിയതിലും പിന്നീട് നടത്തിയ പുനഃപരീക്ഷയിലും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും, സമരത്തിനിടെ പൊലീസ് അതിക്രമങ്ങള്‍ നേരിട്ടവരും മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്ന് സിജെപി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button