
രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ ഈ നീക്കം. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി കേസ് നാളെ പരിഗണിക്കാൻ സമ്മതിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് സോളിസിറ്റർ ജനറൽ വിഷയം അടിയന്തരമായി ഉന്നയിച്ചത്. സുപ്രീംകോടതി ബെഞ്ച് നടപടികൾ അവസാനിപ്പിച്ച് പിരിയാൻ തുടങ്ങിയ സമയത്താണ് സോളിസിറ്റർ ജനറൽ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിഷയം നാളെത്തന്നെ അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതംഗീകരിച്ച കോടതി ഹർജി നാളെ പരിഗണിക്കാൻ സമ്മതിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുന്നതിലെ നിയമപരമായ തടസങ്ങൾ ഒഴിവാക്കാനാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രയോഗിക്കാൻ സുപ്രീംകോടതി നേരത്തെ താല്പര്യം പ്രകടിപ്പിച്ചത്. സാധാരണനിലയിൽ ഒരു എഫ്.ഐ.ആർ രജിസ്റ്റർചെയ്താൽ, അത് അവസാനിപ്പിക്കാൻ മജിസ്ട്രേറ്റിന് മുന്നിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ, ഈ റിപ്പോർട്ട് തള്ളിക്കളയാൻ ബന്ധപ്പെട്ട മജിസ്ട്രേറ്റിന് നിയമപരമായ അധികാരമുണ്ട്. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിക്കുന്നത്.




