
ഡല്‍ഹി: സോണിയാ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്ഗ്വിന് റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. ചില എഡിറ്റോറിയല്‍ മാറ്റങ്ങളും തിരുത്തലുകളും വേണമെന്ന ആവശ്യം സോണിയാ ഗാന്ധി നിരാകരിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്.
ബിലോങിങ്: എ ജേര്‍ണി ഓഫ് ലൗ എന്ന ആത്മകഥ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നാണ് പെന്ഗ്വിന് പിന്മാറിയിരിക്കുന്നത്. വായനക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടേക്കാമെന്ന് കരുതുന്നതുമായ ഈ പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പെന്ഗ്വിന് പിന്മാറിയതോടെ രാജ്യത്തെ പല പ്രമുഖ പ്രസാധകരും ഇതിന്റെ പ്രസിദ്ധീകരണത്തിനുള്ള അവകാശത്തിനായി എഴുത്തുകാരിയെ സമീപിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ തന്നെ ഹാര്‍പ്പര്‍ കോളിന്‍സിന് കൂടുതല്‍ സാധ്യത തെളിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവംബര്‍ പത്തിന് പുസ്തകം പുറത്തിറങ്ങുമെന്നാണ് മുമ്പ് പരസ്യം ചെയിതിരുന്നത്. മുമ്പ് ചില പുസ്തകങ്ങള്‍ സോണിയാ ഗാന്ധി എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും തന്റെ ജീവിതത്തെക്കുറിച്ച് ആത്മകഥാപരമായ ഇത്ര തുറന്ന ഒരു എഴുത്ത് സോണിയയില്‍ നിന്ന് മുമ്പുണ്ടായിട്ടില്ലെന്നാണ് പ്രസാധകര് പറഞ്ഞിരുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തയായ വനിതാ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ സോണിയ തന്റെ പ്രണയം, കുടുംബം, ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ എന്നിവയെക്കുറിച്ചെഴുതിയ ഹൃദയസ്പര്‍ശിയായ ഓര്മക്കുറിപ്പാണ് പുസ്തകത്തിലുള്ളതെന്നാണ് പെന്ഗ്വിന് റാന്‍ഡം ഹൗസ് പരസ്യം ചെയ്തിരുന്നത്.




