NationalNews

തമിഴ് സിനിമ പ്രതിസന്ധിയിൽ ; സെപ്തംബർ മുതൽ പുതിയ റിലീസ് ഇല്ലെന്ന് നിർമാതാക്കൾ

സെപ്തംബർ മുതൽ പുതിയ തമിഴ് സിനിമകൾ റിലീസ് ചെയ്യില്ലെന്ന് നിർമാതാക്കളുടെ സംഘടനയുടെ നിർണായക തീരുമാനം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലും തമിഴ്നാട് ആക്ടീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതോടെ തമിഴ് സിനിമാ മേഖലയിലെ നിർമാതാക്കളും തിയറ്റർ ഉടമകളും തമ്മിലുള്ള തർക്കം രൂക്ഷമായി.

സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും എട്ട് ആഴ്ച കാലയളവെങ്കിലും തിയേറ്ററിൽ പ്രദർശനം നടത്തണമെന്ന തിയേറ്റർ ഉടമകളുടെയും വിതരണക്കാരുടെയും ആവശ്യമാണ് തർക്കത്തിന്റെ കാരണം. ഇക്കാര്യം നിർമാതാക്കൾ എഴുതി നൽകണമെന്നും അല്ലാത്തപക്ഷം പുതിയ സിനിമകൾക്ക് അഡ്വാൻസ് നൽകില്ലെന്നും തിയേറ്റർ ഉടമകളും വിതരണക്കാരും അറിയിച്ചിരുന്നു.

എന്നാൽ, ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ അം​ഗീകരിക്കില്ലെന്ന് നിർമാതാക്കളുടെ സംഘടന മറുപടി നൽകി. തുടർന്ന് പുതിയ തമിഴ് സിനിമകളുടെ റിലീസും ഷൂട്ടിംഗും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും ഉൾപ്പെടെ നിർത്തിവയ്ക്കുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചു. പ്രശ്നത്തിൽ തമിഴ്നാട് സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു. തർക്കം രൂക്ഷമായതോടെ തമിഴ് സിനിമാ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. സിനിമാ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ ഉടനടി പരിഹാരം കാണമെന്നാണ് സിനിമാമേഖലയിലുള്ളവരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button