
പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിക്കാന്‍ സാധ്യത. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ പ്രധാന ആവശ്യം. അയോധ്യ ഭണ്ഡാരക്കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആവശ്യം. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കണം തുടങ്ങിയ വിഷയങ്ങള്‍ ഇന്നും പ്രതിപക്ഷം ഉന്നയിക്കും.
പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ഇന്‍ഡ്യ സഖ്യ യോഗവും നിശ്ചയിച്ചിട്ടുണ്ട്. അതേസമയം മണ്ഡല പുനര്‍നിര്‍ണയ ബില്‍ കൊണ്ടുവരാന്‍ പ്രത്യേക സമ്മേളനം വിളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാനോ വര്‍ഷകാല സമ്മേളനത്തിന്റെ ദിനം വര്‍ധിപ്പിക്കുവാനോ ഉദ്ദേശമില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. എന്നാൽ പാര്‍ലമെന്റില്‍ വീണ്ടും മണ്ഡല പുനര്‍നിര്‍ണായ ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു.




