Cinema

“ഞാൻ എന്റെ അമ്മയെക്കുറിച്ചേ ചിന്തിക്കാറുള്ളൂ”മോഹൻലാൽ

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് നടൻ മോഹൻലാൽ. താൻ തന്റെ അമ്മയെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ എന്നും സംഘടനയിലെ പ്രശ്നങ്ങൾ ഭാരവാഹികൾ തന്നെ പരിഹരിക്കട്ടെ എന്നും എന്നും അദ്ദേഹം പറഞ്ഞു. അതിൽ താൻ ഇടപെട്ടിട്ടൊന്നും കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഭാര്യ സുചിത്രയും മകളും നടിയുമായ വിസ്മയയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ആദ്യ സിനിമയിലെ അനുഭവങ്ങളും വിസ്മയ പങ്കുവച്ചു.ചെയ്തുശീലിക്കേണ്ടതാണ് അഭിനയം എന്ന ഉപദേശവും മോഹൻലാൽ മകൾക്ക് നൽകി.നീറ്റ്‌ പരീക്ഷാക്രമക്കേടിനെതിരെ സമരം ചെയ്‌ത വിദ്യാർത്ഥികൾക്ക് നൽകിയ പിന്തുണയിൽ മാറ്റമില്ലെന്ന് വിസ്‌മയ മോഹൻലാൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വ്യക്തമായ ധാരണയുണ്ടായിട്ടു തന്നെയാണ് താൻ വിഷയത്തിൽ പ്രതികരിച്ചതെന്നും അതിനെ തെറ്റിദ്ധരിച്ചവരെ തിരുത്താനാകില്ലെന്നും വിസ്‌മയ പറഞ്ഞു.

‘എനിക്ക് എന്നെ മാത്രമേ നിയന്ത്രിക്കാനാകൂ. എന്റെ വാക്കുകളെ മാത്രമേ നിയന്ത്രിക്കാനാകൂ. മറ്റാരെയും നിയന്ത്രിക്കാനാകില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പ്രതികരണങ്ങൾ അലോസരപ്പെടുത്താറില്ല. എനിക്ക് എന്റെ ഊർജം നഷ്‌ടപ്പെടുത്താൻ താൽപര്യമില്ല’-എന്നാണ് വിസ്‌മയ പറഞ്ഞത്.തന്റെ ആദ്യചിത്രമായ ‘തുടക്ക’ത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു വിസ്‌മയയുടെ പ്രതികരണം. മാതാപിതാക്കളായ മോഹൻലാലും സുചിത്രയും പരിപാടിയിൽ വിസ്‌മയയ്‌ക്കൊപ്പമുണ്ടായിരുന്നു.

ഇരുവരും വിസ്മയയുടെ അഭിപ്രായത്തെ പൂർണമായി പിന്തുണച്ചു. സ്വന്തമായി മുഖമില്ലാത്തവരാണ് സൈബറിടത്ത് ആക്രമണം നടത്തുന്നതെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.സോഷ്യൽ മീഡിയയെ പേടിച്ച് ജീവിക്കേണ്ട കാലമാണിതെന്നും അത്തരം കാര്യങ്ങൾ ചെയ്യുന്നവരെ ഗൗനിക്കുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു.

‘കൂടുതൽ ആക്രമണം നേരിട്ടത് ഞാനാണ്. വിസ്‌മയ ഒരു വ്യക്തിയാണ്. സംസാരിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്’- മോഹൻലാൽ പറഞ്ഞു. എന്തുപറഞ്ഞാലും കുഴപ്പമായി മാറുന്ന കാലത്തിലൂടെയാണ് താനൊക്കെ കടന്നുപോകുന്നതെന്നും പോപ്പുലാരിറ്റി കൂടുമ്പോഴാണ് കുഴപ്പം ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമിക്കുന്നവർ സന്തോഷിക്കട്ടെയെന്നാണ് സുചിത്ര മോഹൻലാൽ പ്രതികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button