
മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷം. അഞ്ച് വീടുകൾ കടലെടുത്തു. വെളിയംകോട് , ഹിളർപ്പള്ളി , പാലപ്പെട്ടി എന്നിവിടങ്ങളിലെ വീടുകൾ ആണ് കടലെടുത്തത്. ഇന്നലെയും ഇന്നുമായി പെയ്ത മഴയിലാണ് വീടുകളിൽ വെള്ളം കയറിയത്. ഒരു വീട്ടിൽ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളു. നേരത്തെ കടൽക്ഷോഭം ഉള്ളതിനാൽ ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുൾപ്പെടെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചു.
കനത്ത മഴയെ തുടർന്ന് നിരവധി ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചിട്ടുണ്ട്.



