
നെഹ്റു ട്രോഫി ജലമേളയുടെ നിർമാണ ജോലികൾക്കായുള്ള കരാറിൽ നിന്ന് ഓസ്കാർ ഇവന്റ്സ് പുറത്ത്. ഓസ്കാർ ഇവന്റ്സ് വീണ്ടും സമർപ്പിച്ച ടെൻഡർ ആണ് തള്ളിയത്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാണ് പുതിയ കരാർ നൽകിയിരിക്കുന്നത്. സ്റ്റേജുകൾ ഉൾപ്പടെയുള്ള നിർമാണങ്ങളാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയെ ഏൽപ്പിക്കുന്നത്. നേരത്തെ ഓസ്കാറിന് കരാർ നൽകാനുള്ള തീരുമാനം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് റീ ടെൻഡർ നടപടികൾ ആരംഭിച്ചത്.
ആകെ മൂന്ന് കമ്പനികളാണ് ടെണ്ടർ നടപടികളിൽ ഭാഗമായത്. ഓസ്കാർ ഉൾപ്പടെ രണ്ട് പേർ മാത്രം അവസാന മീറ്റിംഗിൽ പങ്കെടുത്തു. ഇതിൽ നിന്ന് ഓസ്കാറിന് കരാർ നൽകാനായിരുന്നു ഇറിഗേഷൻ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നീക്കം. ഉമാ തോമസ് എംഎൽഎക്ക് അപകടമുണ്ടാകാനിടയായ പരിപാടി ഓസ്കാർ ഇവന്റ്സാണ് നടത്തിയതെന്ന വിവരം പുറത്തായതോടെ നെഹ്രു ട്രോഫി ജലമേള എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ശക്തമായ എതിർപ്പുയർന്നു. ടെൻഡർ നടപടികൾ അട്ടിമറിച്ച് ഓസ്കാറിന് കരാർ നൽകാനുള്ള ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഇതോടെ തകർന്നു. ജില്ലാ കളക്ടറുടെ നിർദേശം പ്രകാരം ഓസ്കാർ ഉൾപ്പെട്ട ടെൻഡർ നടപടികൾ റദ്ദാക്കുകയായിരുന്നു.




