NationalNews

വിദ്യാർത്ഥികൾ ഭീകരവാദികളല്ല, സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് അഭിജിത്ത് ദീപ്കെ

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്നും രാജ്യത്തിൻ്റെ ഭാവിയാണെന്നും ദീപ്കെ പറഞ്ഞു. പ്രതിഷേധം അവസാനിച്ചിട്ടും വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം നടത്തുകയാണെന്നും ദീപ്കെ പറഞ്ഞു. ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിച്ച ശേഷം ദില്ലിയിൽനിന്ന് ജന്മനാടായ മഹാരാഷ്ട്രയിൽ എത്തിയ ശേഷം വിമാനത്താവളത്തിൽവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിജിത്ത് ദീപ്കെ.

“സർക്കാർ ഇപ്പോൾ നന്നായി പെരുമാറണം. ജൂലൈ 20ന് പാർലമെന്റ് മാർച്ചിൽ വിദ്യാർത്ഥികളുടെ രക്തം തെരുവിൽ വീണതാണ്. അത് പോരായിരുന്നോ? ഇപ്പോഴും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പൊലീസ് വിദ്യാർത്ഥികളുടെ വീടുകളിൽ എത്തുകയും അവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു”- അഭിജിത്ത് ദീപ്കെ പറഞ്ഞു. 40 ദിവസത്തിന് ശേഷമാണ് താൻ വീട്ടിലേക്ക് മടങ്ങുന്നത്. താൻ ഇന്ത്യയിൽ വന്നതുമുതൽ ഇവിടെ പ്രക്ഷോഭങ്ങൾ നടക്കുകയായിരുന്നു. പിന്നീട് ഏകദേശം 36 ദിവസമായി ജന്തർ മന്തറിലായിരുന്നു. പ്രക്ഷോഭം വിജയകരമാകുകയും വിദ്യാർത്ഥികൾ വിജയിക്കുകയും ചെയ്തു. ഇനി തനിക്ക് മാതാപിതാക്കളെ കാണാൻ സാധിക്കുമെന്നതിൽ സന്തോഷമുണ്ടെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു.

വിദ്യാർത്ഥികൾ തീവ്രവാദികളല്ല. അവർ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. രാജ്യത്തിന്റെ ഭാവിയോട് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കിൽ, ധർമ്മേന്ദ്ര പ്രധാന് സ്ഥാനമൊഴിയേണ്ടി വന്നതുപോലെ, സർക്കാർ ശരിയായ രീതിയിൽ മുന്നോട്ട് പോയില്ലെങ്കിൽ നാളെ തങ്ങൾ ചെന്ന് സർക്കാരിനെ മാറ്റും. ആവശ്യമെങ്കിൽ, ഇതിലും വലിയ രീതിയിൽ ഒരു പുതിയ പ്രക്ഷോഭം ആരംഭിക്കുമെന്നും ദീപ്കെ മുന്നറിയിപ്പ് നൽകി. മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദീപ്കെ പരിഹസിച്ചു. മോദി പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് ഇൻഫ്ലുവൻസർ ആകണമെന്നും അദ്ദേഹം അത് വളരെ നന്നായി ചെയ്യുന്ന ഒന്നാണെന്നും ദീപ്കെ പരിഹസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button