KeralaNews

‘ഒന്നുകിൽ ഹോംവര്‍ക്ക് ചെയ്തില്ല, അല്ലെങ്കിൽ അദാനിക്കായി നല്ലവണ്ണം പഠിച്ചു’, മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ തോമസ് ഐസക്

കടുത്ത നിബന്ധനകളുണ്ടായിട്ടും അതൊന്നും പാലിക്കാതെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം നടക്കുന്നതെന്ന് തോമസ് ഐസക്. ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത് ആരാണ് ആദ്യം അറിഞ്ഞത് എന്ന തർക്കമല്ല ഇവിടെ പ്രശ്നം. എക്കണോമിക്സ് ടൈംസ് ജൂൺ ഒന്നിന് ഇത് സംബന്ധിച്ച് വാർത്ത നൽകിയിരുന്നു, തൊട്ടുപിന്നാലെ ദേശാഭിമാനിയും വാർത്ത നൽകി. പക്ഷേ, മെയ് 18-ന് മുഖ്യമന്ത്രിയായ സതീശൻ ഇതൊന്നും അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. പുതിയ സിഇഒ വരുമ്പോൾ മാത്രമേ വിവരം അറിയൂ എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും ഇതിന് കൃത്യമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോർട്ടിന് പ്രത്യേക ഓഹരി ഇല്ല. വിസിൽ ഓഹരി സർക്കാരിനാണ്. അദാനിയാണ് നിലവിൽ നടത്തിപ്പ് ചുമതലക്കാരൻ. പോർട്ടിന്റെ ഓഹരിയല്ല കൈമാറുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നത് എന്ത് അർത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ല. യഥാർത്ഥത്തിൽ അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരിയാണ് ഇവിടെ കൈമാറുന്നത്. വിഴിഞ്ഞം അല്ലെങ്കിൽ കുളച്ചിൽ എന്ന ലക്ഷ്യം വച്ചാണ് അദാനി നീങ്ങുന്നത്. എംഎസ്‌സി എന്ന വലിയ കമ്പനി വരുന്നതിനോട് തങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ വിഴിഞ്ഞം ഏറ്റെടുക്കുന്നതിനോടാണ് തങ്ങളുടെ എതിർപ്പെന്നും തോമസ് ഐസക് വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് മൂന്ന് വകുപ്പുകൾ മുഖ്യമന്ത്രിയുടെ കൈയിൽ വരുന്നത്. ഈ മൂന്ന് വകുപ്പുകളും കയ്യിലുണ്ടായിട്ടും ബന്ധപ്പെട്ട മന്ത്രി ഇതൊന്നും അറിഞ്ഞില്ല എന്ന് പറയുന്നത് ഗുരുതരമായ വീഴ്ചയാണ്. ഒന്നുകിൽ മുഖ്യമന്ത്രി വിഡി സതീശൻ ഇതിനെക്കുറിച്ച് ഹോംവർക്ക് ചെയ്തില്ല. അല്ലെങ്കിൽ അദാനിക്ക് വേണ്ടി കാര്യങ്ങൾ നല്ലവണ്ണം പഠിച്ചു എന്ന് വേണം കരുതാൻ. ഒന്നും അറിഞ്ഞില്ലെന്ന വാദം തള്ളിക്കളഞ്ഞ തോമസ് ഐസക്, സത്യപ്രതിജ്ഞയ്ക്ക് മുൻപ് എന്തിനാണ് ചാർട്ടേഡ് ഫ്ലൈറ്റിൽ പോയി മുഖ്യമന്ത്രി അദാനിയെ കണ്ടതെന്നും ചോദ്യം ഉന്നയിച്ചു. തുറമുഖ കരാറുകൾക്ക് വിരുദ്ധമായാണ് നിലവിലെ എല്ലാ നടപടികളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button