InternationalNews

ഷാർജയിൽ നിന്ന് കറാച്ചിയിലേക്കുള്ള യാത്രക്കിടെ കാണാതായ വിമാനം തകർന്നുവീണതെന്ന് സ്ഥിരീകരിച്ചു

ഷാർജയിൽ നിന്നും പാകിസ്താനിലെ കറാച്ചിയിലേക്ക് പറക്കുന്നതിനിടെ കാണാതായ സ്വകാര്യ ചരക്കുവിമാനം അറബിക്കടലിൽ തകർന്നുവീണതെന്ന് സ്ഥിരീകരിച്ചു. അപകടം നടന്ന് 12 മണിക്കൂറിന് ശേഷം ഒർമാര തുറമുഖത്തിന് തെക്ക് 53 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്കായി പാകിസ്താൻ നാവികസേനയുടെയും മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

ചൊവ്വാഴ്ച രാത്രി പാക് സമയം 9:18 ഓടെയാണ് വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായി കൺട്രോൾ റൂമിൽ സന്ദേശം ലഭിച്ചത്. തൊട്ടുപിന്നാലെ വിമാനവുമായുള്ള ആശയവിനിമയം പൂർണ്ണമായും നഷ്ടപ്പെട്ടു. കറാച്ചിയിൽ നിന്നും ഏകദേശം 287 കിലോമീറ്റർ അകലെ വെച്ചാണ് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ‘ഫ്ലൈറ്റ്‌റഡാർ 24’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് 5,000 അടി താഴ്ന്ന വിമാനം അടുത്ത 30 സെക്കൻഡിനുള്ളിൽ വീണ്ടും 6,000 അടി മുകളിലേക്ക് ഉയർന്നു. എന്നാൽ തൊട്ടുപിന്നാലെ 36,550 അടി ഉയരത്തിൽ നിന്നും കുത്തനെ കടലിലേക്ക് പതിക്കുകയാണുണ്ടായത്. മണിക്കൂറിൽ 400 കിലോമീറ്റർ എന്ന അസാധാരണ വേഗതയിലാണ് വിമാനം താഴേക്ക് പതിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് പൈലറ്റുമാരും രണ്ട് എഞ്ചിനീയർമാരും ഒരു സഹായിയുമടങ്ങുന്ന അഞ്ചംഗ സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. മുഹമ്മദ് രിസ്‌വാൻ ഇദ്‌രീസ് (പൈലറ്റ്), ഫൈസൽ ജതോയ് (കോ-പൈലറ്റ്), മുഹമ്മദ് ഹാമിദ്, മുഹമ്മദ് ആരിഫ് സിദ്ദിഖി (ഫ്ലൈറ്റ് എഞ്ചിനീയർമാർ), മുഹമ്മദ് തൗഫീഖ് ഖാൻ (ലോഡർ) എന്നിവരെയാണ് കാണാതായത്. ജീവനക്കാരുടെ കുടുംബങ്ങളെ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അനുശോചനം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button