
അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ ആരോപണ വിധേയനായ ചമ്പത് റായിക്ക് ഇന്ന് നിർണായകം. കൊള്ളക്ക് ശേഷമുള്ള രാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് ഇന്ന് യോഗം ചേരും. ചമ്പത് റായി, അനിൽ മിശ്ര എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കോടികളുടെ തട്ടിപ്പ് വിവരം പുറത്തുവന്നിട്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൗനം പാലിക്കുന്നതിലും ദുരൂഹത തുടരുകയാണ്.
അയോധ്യയിലെ മണിറാം ദാസ് ചാവണിയിൽ വൈകിട്ട് 3 മണിക്കാണ് യോഗം. കൊള്ളയിൽ കടുത്ത ആരോപണം ഉയർന്ന ചമ്പത് റായി, അനിൽ മിശ്ര എന്നിവരുടെ രാജി ട്രസ്റ്റ് സ്വീകരിക്കും. വിവാദം കൊഴുത്തതോടെ രാജി സ്വീകരിക്കാൻ ട്രസ്റ്റിൽ സമ്മർദ്ദം ശക്തമാണ്. ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിലെ ക്രമക്കേടുകളും എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ടും ട്രസ്റ്റ് വിലയിരുത്തും. ചമ്പത് റായിക്ക് പകരം കറ പുരളാത്ത ഒരാളെ നിയമിക്കാനാണ് വിഎച്ച്പിയുടെ തീരുമാനം. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നിലവിൽ രാമക്ഷേത്ര നിർമ്മാണ സമിതിയുടെ ചെയർമാനുമായ നൃപേന്ദ്ര മിശ്രയുടെ പേരിനാണ് മുൻഗണന. ക്ഷേത്രഭരണം കൂടുതൽ സുതാര്യമാക്കാൻ സിഇഒയെ നിയമിക്കുന്ന കാര്യവും ട്രസ്റ്റ് ആലോചിക്കുന്നുണ്ട്.
ട്രസ്റ്റിൽ വിഎച്ച്പി നേതാക്കളുടെ എണ്ണം കുറച്ച് ആത്മീയ നേതാക്കളെ ഉൾപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്..രാമ ക്ഷേത്രത്തിലെ കൊള്ളയിൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നിട്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ ഇടപെട്ടിട്ടില്ല. കേന്ദ്ര ഏജൻസികൾ കേസിൽ ഉൾപ്പെട്ടാൽ രാമ ഭക്തരിൽ ഉള്ള പ്രതിച്ഛായ നഷ്ടപ്പെടും എന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. ട്രസ്റ്റിലെ പണമിടപാടുകളിൽ വ്യക്തത വരുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സഹായം തേടുമെന്ന് എസ്ഐടിയുടെ വാദവും നടപ്പായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കരുതലോടെയാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നീക്കം.




