ടിഎംസി പിളരുന്ന സൂചന; കോടികളുടെ പാർട്ടി ഫണ്ടും ആസ്തികളും ആർക്ക്? രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് കനത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ കോടിക്കണക്കിന് രൂപ വരുന്ന പാർട്ടി ഫണ്ടും മറ്റ് ആസ്തികളും ആർക്ക് ലഭിക്കുമെന്നതിൽ ചർച്ച. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ഉണ്ടായ വലിയ പിളർപ്പോടെ പണത്തിനും ആസ്തികൾക്കും അവകാശി ആരെന്ന ചോദ്യമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴിയും മറ്റ് സംഭാവനകൾ വഴിയും ആറ് വർഷം കൊണ്ട് 2475 കോടി രൂപയാണ് പാർട്ടിക്ക് വരുമാനമായി കിട്ടിയത്. ഇതിന് പുറമെ കൊൽക്കത്തയിലടക്കം പാർട്ടി ഓഫീസുകളടക്കം ആസ്തികളുമുണ്ട്.
തൃണമൂൽ കോൺഗ്രസ് 2025 ഒക്ടോബർ 13 ന് സമർപ്പിച്ച ആദായനികുതി റിട്ടേണുകളിൽ 2024-25 സാമ്പത്തിക വർഷത്തിൽ ആകെ 219.3538 കോടി രൂപ വരുമാനം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മെയ് 27 ന് പ്രസിദ്ധീകരിച്ച അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടിൽ, 36 പ്രാദേശിക പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന പാർട്ടികളിൽ തെലുങ്കുദേശം പാർട്ടിക്ക് ശേഷം രണ്ടാം സ്ഥാനത്താണ് തൃണമൂൽ. കഴിഞ്ഞ വർഷം തൃണമൂലിന് 184.08 കോടി രൂപ സംഭാവനയായി ലഭിച്ചു. സ്ഥിര നിക്ഷേപങ്ങൾക്ക് പലിശയായി 33.685 കോടി രൂപയും ലഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ ടിഎംസിക്ക് 646.293 കോടി രൂപ ലഭിച്ചിരുന്നു. സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നതുവരെ, 2019 ഏപ്രിൽ മുതൽ 2024 ജനുവരി വരെ 1,609.5 കോടി രൂപയാണ് മമത ബാനർജിയുടെ പാർട്ടിക്ക് കിട്ടിയത്. 2025-26 സാമ്പത്തിക വർഷത്തെ വരുമാന കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.
പശ്ചിമ ബംഗാളിൽ ടിഎംസിയുടെ ഭൂരിഭാഗം എംഎൽഎമാരും (80-ൽ 58 പേർ) വിമത പക്ഷത്തേക്ക് മാറിയിട്ടുണ്ട്. ലോക്സഭ-രാജ്യസഭ എംപിമാർ കൂട്ടത്തോടെ രാജിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഔദ്യോഗിക പാർട്ടി വിഭാഗം തങ്ങളാണെന്നും പാർട്ടി ഫണ്ടും ഓഫീസുകളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും വിമത വിഭാഗങ്ങൾ വാദിച്ചേക്കാം. നേരത്തെ മഹാരാഷ്ട്രയിൽ ശിവസേനയിലും എൻസിപിയിലും ഉണ്ടായ പിളർപ്പിന് സമാനമായ സാഹചര്യമാണ് ബംഗാളിലും രൂപപ്പെടുന്നത്. അന്ന് ഭൂരിപക്ഷം തെളിയിച്ച വിമത വിഭാഗങ്ങൾക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ പേരും ചിഹ്നവും അനുവദിച്ചത്. ടിഎംസിയിലും ഇത് ആവർത്തിച്ചാൽ മമതാ ബാനർജിക്ക് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകളുടെ മേലുള്ള നിയന്ത്രണം പൂർണ്ണമായും നഷ്ടമാകും.




