Kerala

സ്കൂൾ പരിസരത്ത് ലഹരി വിറ്റാൽ കടപ്പൂട്ടി ചാവി വാങ്ങും; ലൈസൻസ് ഉടനടി റദ്ദാക്കും

തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്കൂൾ പരിസരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ലഹരി വില്പനയ്ക്കെതിരെ കർശന നടപടികളുമായി നഗരസഭ രംഗത്ത്. വിദ്യാലയങ്ങൾക്ക് സമീപമുള്ള കടകളിൽ ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കൾ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്തതായി കണ്ടെത്തിയാൽ ആ കടകളുടെ ലൈസൻസ് ഉടനടി റദ്ദാക്കുമെന്ന് മേയർ വി. വി. രാജേഷ് അറിയിച്ചു. കുട്ടികളെ ലഹരിയുടെ കെണിയിൽ നിന്ന് രക്ഷിക്കാൻ സ്കൂളുകൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നഗരസഭയുടെ പൂർണ്ണ പിന്തുണയുണ്ടാകും.

മുന്നറിയിപ്പില്ലാതെ തട്ടുകടകൾ നീക്കം ചെയ്യും:

സ്കൂൾ പരിസരങ്ങളിലെ കടകൾ കേന്ദ്രീകരിച്ച് ലഹരി വിതരണം നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പരിശോധനകൾക്കായി നഗരസഭയുടെ പ്രത്യേക ഹെൽത്ത് സ്ക്വാഡ് രംഗത്തിറങ്ങും. ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ചില തട്ടുകടകൾ ലഹരി വില്പന കേന്ദ്രങ്ങളായി മാറുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള കടകൾ കണ്ടെത്തിയാൽ യാതൊരുവിധ മുൻകൂർ മുന്നറിയിപ്പും നൽകാതെ തന്നെ അവ അടിയന്തരമായി നീക്കം ചെയ്യാൻ മേയർ നിർദേശം നൽകി.

അന്യസംസ്ഥാന തൊഴിലാളികളുടെ കടകൾക്ക് പൂട്ട് വീഴും:

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ചില അന്യസംസ്ഥാന തൊഴിലാളികൾ സ്കൂൾ പരിസരങ്ങളിൽ തട്ടുകടകൾ സ്ഥാപിച്ച് ലഹരി വസ്തുക്കൾ വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ഭാവി തകർക്കുന്ന ഇത്തരം മാഫിയകളുടെ പ്രവർത്തനങ്ങൾ കർശനമായ നടപടികളിലൂടെ പൂർണ്ണമായും അവസാനിപ്പിക്കുമെന്നും നഗരസഭ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button