പൊലീസിനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ നടി അൻസിബയുടെ പരാതി; തുടർനടപടിക്ക് മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിർദ്ദേശം

കൊച്ചി: പൊലീസിനും ലക്ഷ്മി പ്രിയയ്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും നടി അൻസിബ ഹസൻ നൽകിയ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി. അൻസിബയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം അൻസിബയെ അറിയിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടര്‍ രേഷ്‍മയ്‍ക്കെതിരെയും നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെയുമുള്ള പരാതി അൻസിബ കൈമാറിയത്. രേഷ്മ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നും ഉദ്യോഗസ്ഥ തന്നെ അപമാനിച്ചു ഭീഷണിപ്പെടുത്തിയെന്നും അൻസിബ പരാതിയില്‍ പറഞ്ഞിരുന്നു. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അൻസിബ ആരോപിച്ചു. ലക്ഷ്‍മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചു. താൻ നേരിട്ട അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്‍ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, താര സംഘടനയിലെ തർക്കത്തിൽ തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അൻസിബ ഹസന്‍റെ ആവശ്യം ‘അമ്മ’പരിഗണിച്ചേക്കില്ല. ഓരോരുത്തർ പറയുന്നത് പോലെ പ്രവർത്തിക്കൽ അല്ലല്ലോ അമ്മയുടെ രീതി എന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പ്രതികരിച്ചു. തന്‍റെ പരാതിയെക്കുറിച്ച് കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാര്‍വതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം.




