മുനമ്പം ഭൂമി തർക്കം കേന്ദ്രത്തിന് മുന്നിൽ; ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖർ; ‘ഉമീദ്’ പോർട്ടൽ രജിസ്ട്രേഷനിൽ ചട്ടലംഘനമെന്ന് പരാതി!

ദില്ലി: കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയ മുനമ്പം ഭൂമി തർക്ക വിഷയം കേന്ദ്രത്തിന് മുന്നിലെത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, വിവാദ ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുള്ള ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മുനമ്പത്തെ ജനങ്ങൾ നീതി അർഹിക്കുന്നുണ്ട്, അവർക്ക് അത് ലഭ്യമാകുന്നത് വരെ സാധ്യമായ എല്ലാ നിയമ-ഭരണ തലങ്ങളിലൂടെയും ഞങ്ങൾ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
‘യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ്’ (UMEED) ചട്ടക്കൂടിലെയും വഖഫ് ആക്ടിലെയും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വഖഫ് ബോർഡ് മുനമ്പത്തെ 404 ഏക്കർ ഭൂമി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിയമപ്രകാരം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ ‘മുതവല്ലി’ക്ക് മാത്രമാണ് അവകാശമുള്ളത്. ഇവിടെ ആ അധികാരം ഫാറൂഖ് കോളേജിനായിരിക്കെ, യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെ വഖഫ് ബോർഡ് ഏകപക്ഷീയമായി ഈ ഭൂമി രജിസ്റ്റർ ചെയ്യുകയായിരുന്നു. ഗുരുതരമായ ഈ ചട്ടലംഘനങ്ങൾ ഔദ്യോഗികമായിത്തന്നെ ഭാരത സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം ഇക്കാര്യത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.




