എസ്പിസി കേഡറ്റുകള്‍ ‘ഓപ്പറേഷന്‍ തൂഫാനി’ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലഹരിക്കെതിരെ കേരള പോലീസിന്റെ ഏറ്റവും വിപുലമായ പദ്ധതിയായ ‘ഓപ്പറേഷന്‍ തൂഫാന്‍’ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഏറ്റവും വലിയ വിപത്ത് ലഹരിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുതുതലമുറയെ ഈ ദുരന്തത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ (എസ്.പി.സി.) ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്നും മന്ത്രി പറഞ്ഞു.
എസ്.പി.സി സംസ്ഥാന സഹവാസ ക്യാമ്പായ ‘ഐക്യ 2026’ന്റെ സമാപന സമ്മേളനം വെങ്ങാനൂര്‍ വി.പി.എസ്. മലങ്കര ആന്‍ഡ് ഗേള്‍സ് എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍, കോളേജ് ക്യാമ്പസുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ തരത്തിലുള്ള രാസലഹരികള്‍ വില്‍ക്കുന്ന അധോലോക സംഘങ്ങളെ ഇല്ലാതാക്കുന്നതിനായാണ് ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന പദ്ധതി ആരംഭിച്ചത്. യുവതലമുറയെ ഒരിക്കലും ലഹരിക്ക് അടിമയാക്കില്ലെന്ന ലക്ഷ്യത്തിന്റെ മുന്‍നിരയില്‍ എസ്.പി.സി. കേഡറ്റുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസിന്റെ അഭിമാനചിഹ്നമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വളര്‍ന്നു. ഒന്നര ദശാബ്ദമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന യുവതയുടെ ഈ കൂട്ടായ്മ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എസ് പി സി പദ്ധതി രാജ്യത്തുടനീളം നടപ്പാക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ‘കുട്ടിപ്പൊലീസ്’ എന്ന വിളി ഓരോ കേഡറ്റും അഭിമാനത്തോടെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. സഹപാഠികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി അവരെ ചേര്‍ത്തുപിടിക്കുന്നതിലും, ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് പോഷകാഹാരവും പഠനോപകരണങ്ങളും പുസ്തകങ്ങളും എത്തിക്കുന്നതിലും എസ്.പി.സി. കേഡറ്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.




