International

ആണവായുധ മോഹം ഉപേക്ഷിച്ച് ഇറാൻ! സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവൻ മാറ്റാൻ യുഎസുമായി ധാരണ

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിന് അന്ത്യം കുറിക്കുന്നതിനായി അമേരിക്കയുമായി നടത്തുന്ന സമാധാന ചർച്ചകളിൽ കടുത്ത നിലപാടുകൾക്ക് അയവ് വരുത്തി ഇറാൻ. ആണവായുധ നിർമ്മാണത്തിന് തൊട്ടടുത്തെത്തിയ ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച തങ്ങളുടെ യുറേനിയം പൂർണ്ണമായും ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള സമാധാന ഉടമ്പടി അന്തിമഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവന്നത്.

ആണവ സാമഗ്രികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക കരാറിലെത്താൻ ഇറാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും, ഈ യുറേനിയം എങ്ങനെ നിർവീര്യമാക്കുമെന്നോ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുമെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും കൃത്യമായ ധാരണയായിട്ടില്ല. വിശാലമായ സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിന് ശേഷമുള്ള അടുത്ത ഘട്ട ചർച്ചകളിൽ മാത്രമായിരിക്കും ഇതിന്‍റെ കൃത്യമായ രൂപരേഖ തയ്യാറാക്കുക. സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് ഇറാന്‍റെ പരമോന്നത നേതാവ് മൊജ്താബ ഖമേനി നേരത്തെ ഉത്തരവിട്ടിരുന്ന പശ്ചാത്തലത്തിൽ, ഇറാന്‍റെ ഈ പുതിയ പിൻവാങ്ങൽ നയതന്ത്ര ചർച്ചകളിൽ വൻ വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ ഇറാന്‍റെ പക്കൽ 60 ശതമാനം വരെ ശുദ്ധീകരിച്ച 400 കിലോഗ്രാമോളം യുറേനിയം ഉണ്ടെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി വ്യക്തമാക്കുന്നത്. ഇത് ഉപയോഗിച്ച് ഒന്നിലധികം ആണവ ബോംബുകൾ നിർമ്മിക്കാൻ സാധിക്കുമെന്ന് ഇസ്രായേൽ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. യുറേനിയം സംഭരണിയുടെ കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകിയില്ലെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്നും സൈനിക ആക്രമണം പുനരാരംഭിക്കുമെന്നും അമേരിക്ക ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പുറമേ, ഇറാന്‍റെ ഇസ്ഫഹാനിലെ ഭൂഗർഭ ആണവ കേന്ദ്രത്തിന് നേരെ ‘ബങ്കർ-ബസ്റ്റർ’ ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനും, യുഎസ്-ഇസ്രായേൽ കമാൻഡോകളെ ഉപയോഗിച്ച് യുറേനിയം പിടിച്ചെടുക്കുന്നതിനുമുള്ള സൈനിക പദ്ധതികൾ വരെ ട്രംപ് ഭരണകൂടം മുൻപ് ആസൂത്രണം ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button