News

പിണറായി പ്രവർത്തിച്ചത് ഏകാധിപതിയെപ്പോലെ, ധാർഷ്ട്യവും ശരീരഭാഷയും ജനങ്ങളെ അകറ്റി’; സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം/ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഇടതുമുന്നണിയിൽ കടുത്ത ആഭ്യന്തര കലഹം പുകയുന്നു. പിണറായി വിജയൻ ഏകാധിപതിയെപ്പോലെയാണ് പ്രവർത്തിച്ചതെന്ന് സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തിയപ്പോൾ, തോൽവിക്ക് കാരണം പിണറായിയുടെ ധാർഷ്ട്യവും സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്ത ശരീരഭാഷയുമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇരുപാർട്ടികളുടെയും ജില്ലാ ഘടകങ്ങൾ ഒരേസമയം നേതൃത്വത്തിനെതിരെ തിരിഞ്ഞത് ഇടത് ക്യാമ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്.

സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവ് വിലയിരുത്തൽ:

ഇടുക്കി ജില്ലയിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയെക്കുറിച്ച് കടുത്ത ഭാഷയിലാണ് സിപിഐ നേതൃത്വം വിലയിരുത്തിയത്:

  • അവമതിപ്പുണ്ടാക്കിയ പ്രതികരണങ്ങൾ: മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ നടത്തിയ പല പ്രതികരണങ്ങളും ജനങ്ങളിൽ വലിയ അവമതിപ്പാണ് ഉണ്ടാക്കിയത്. ഇടതുപക്ഷ നേതാക്കളുടെ മോശം ശരീരഭാഷ ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റി.
  • ഭൂപ്രശ്‌നം ആയുധമാക്കി യുഡിഎഫ്: ജില്ലയിലെ കർഷകരെ ബാധിക്കുന്ന ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞില്ല. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് സർക്കാർ ആവർത്തിച്ച് അവകാശപ്പെട്ടെങ്കിലും ജനങ്ങൾ അത് മുഖവിലയ്‌ക്കെടുത്തില്ല. ഇത് യുഡിഎഫ് വലിയ ആയുധമാക്കുകയും ചെയ്തു.
  • എം.വി. ഗോവിന്ദന് വിമർശനം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ലയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസംഗങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് പകരം വെറും ‘പാർട്ടി ക്ലാസുകൾ’ മാത്രമായി ഒതുങ്ങിപ്പോയെന്നും യോഗം വിലയിരുത്തി.
  • ആഭ്യന്തര തർക്കം: പീരുമേട്ടിലെ സിപിഐ സ്ഥാനാർത്ഥിത്വം പാളിയിട്ടില്ലെന്നും, എന്നാൽ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച ജോസ് ഫിലിപ്പ് കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നും വിമർശനമുയർന്നു. എതിർ സ്ഥാനാർത്ഥിയെ സഹായിക്കാനാണോ ഇദ്ദേഹം ശ്രമിച്ചതെന്ന ചോദ്യത്തിന്, തനിക്ക് യാത്ര ചെയ്യാൻ വണ്ടി പോലും ലഭിച്ചില്ലെന്നായിരുന്നു ജോസ് ഫിലിപ്പിന്റെ മറുപടി. മുൻ എംഎൽഎ ഇ.എസ്. ബിജിമോളുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായില്ലെന്ന് യോഗം വിലയിരുത്തി.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്ന ചോദ്യങ്ങൾ:

തലസ്ഥാനത്തെ സിപിഎം കോട്ടകളിലുണ്ടായ തകർച്ചയ്ക്ക് കാരണം പിണറായി വിജയന്റെ വ്യക്തിപരമായ വീഴ്ചകളാണെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ:

  • പിണറായിയുടെ ധാർഷ്ട്യം: നിയമസഭയിൽ പാർട്ടി പരാജയപ്പെടാൻ പ്രധാന കാരണം പിണറായി വിജയന്റെ ധാർഷ്ട്യമാണ്. ഒരു സിപിഎം പ്രവർത്തക സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോൾ പോലും മുഖ്യമന്ത്രി അത് തടഞ്ഞത് സാധാരണക്കാർക്കിടയിൽ മോശം സന്ദേശമാണ് നൽകിയത്. ‘വീട്ടിൽ പോയി പറയാൻ പറയുമ്പോൾ’ അതിന് ജനങ്ങൾ പല അർത്ഥങ്ങളാണ് കാണുന്നത്.
  • പ്രായപരിധിയിൽ ഇളവ് നൽകിയത് എന്തിന്?: പാർട്ടിയിൽ മറ്റെല്ലാവർക്കും പ്രായപരിധി കർശനമായി നടപ്പാക്കിയപ്പോൾ പിണറായി വിജയന് മാത്രം എന്തിനാണ് ഇളവ് നൽകിയതെന്ന നിർണ്ണായക ചോദ്യവും സെക്രട്ടറിയേറ്റിൽ നേതാക്കൾ ഉയർത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button