ബംഗാൾ ശാന്തം; കേന്ദ്രസേനയെ ഘട്ടംഘട്ടമായി പിൻവലിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ക്രമസമാധാന നില പൂർണ്ണമായും നിയന്ത്രണവിധേയമായതോടെ, സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരുന്ന കേന്ദ്ര സായുധ പോലീസ് സേനയെ ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ തടയുന്നതിനായി സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നിവയുൾപ്പെടെ 500 കമ്പനി സേനയെ നിലനിർത്താനായിരുന്നു കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ സംസ്ഥാനത്തെ നിലവിലെ അനുകൂല സാഹചര്യം വിലയിരുത്തി ഇവരെ പിൻവലിക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ 100 കമ്പനി സേനയെയാണ് തിരികെ വിളിക്കുന്നത്. ശേഷിക്കുന്ന 400 കമ്പനികളെ വരും ദിവസങ്ങളിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി മറ്റ് ഘട്ടങ്ങളിലായി പിൻവലിക്കും.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷാ ക്രീകരണങ്ങൾക്കാണ് പശ്ചിമ ബംഗാൾ സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലായി 21 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള CAPF, സംസ്ഥാന സായുധ പോലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ എന്നിവയിൽ നിന്നായി ആകെ 2,400 കമ്പനി സായുധ ഉദ്യോഗസ്ഥരെയാണ് ബംഗാളിൽ വിന്യസിച്ചിരുന്നത്. അഞ്ച് കേന്ദ്ര സേനകളുടെയും ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ ഡൽഹി ആസ്ഥാനം വിട്ട് ദിവസങ്ങളോളം ബംഗാളിൽ നേരിട്ട് ക്യാമ്പ് ചെയ്താണ് സുരക്ഷാ ഏകോപനം നിർവഹിച്ചത്.
അഭൂതപൂർവമായ ഈ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അയ്യായിരത്തോളം ബുള്ളറ്റ് പ്രൂഫ്, ക്വിക്ക് റെസ്പോൺസ് വാഹനങ്ങളും സംസ്ഥാനത്തുടനീളം വിന്യസിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ 10 മണിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇതുസംബന്ധിച്ച കൃത്യമായ സാഹചര്യ റിപ്പോർട്ടുകളും സമർപ്പിച്ചിരുന്നു. സുരക്ഷാ ഏജൻസികളുടെ ഈ ശക്തമായ ഇടപെടലുകൾ കാരണം ഇത്തവണ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.




