News

കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നേക്കാം; വെള്ളാപ്പള്ളിയുടേത് മുസ്ലിം വിരുദ്ധത, ലീഗ് വർഗ്ഗീയ കക്ഷിയല്ല: ജി. സുധാകരൻ

ആലപ്പുഴ: കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി സുധാകരൻ. ഇപ്പോൾ മൂന്ന് എംഎൽഎമാരുള്ള ബിജെപിക്ക് കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടിയത് പരാമർശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുസ്ലിം ലീഗിനെ വിമർശിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായ ഭാഷയിൽ ജി സുധാകരൻ വിമർശിച്ചു.

വെള്ളാപ്പള്ളി നടേശൻ നേരത്തെ മുതലേ മുസ്ലീം വിരുദ്ധത പറയുന്നയാളാണെന്ന് ജി സുധാകരൻ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി ഇന്നലെ വരെ കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പറഞ്ഞത്. അദ്ദേഹം നാളെ എന്ത്‌പറയും എന്ന് ആർക്കറിയാം? അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും എസ്എൻഡിപി മുഖമാസികയായ യോഗനാദത്തിലെ എഡിറ്റോറിയലുമായി ബന്ധപ്പെട്ട വിവാദത്തിൽ ജി സുധാകരൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ നാളെ ലൈൻ മാറ്റും. അദ്ദേഹത്തെ താൻ വീട്ടിൽ പോയി കണ്ടത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിലാണ്. അമ്പലപ്പുഴയിൽ ഭൂരിപക്ഷം മുസ്ലിം വോട്ടുകളും തനിക്കാണ് കിട്ടിയത്. മുസ്ലീം ജനതക്ക് തന്നെ അറിയാം. വെള്ളാപ്പള്ളി നടേശൻ പറയുന്നത് കേട്ടല്ല മുസ്ലീങ്ങൾ വോട്ട് ചെയ്യുന്നത്. മുസ്ലിം ലീഗ് വർഗീയ കക്ഷിയല്ലെന്നും സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ മതനിരപേക്ഷതയുള്ള പ്രസ്ഥാനമാണെന്നും ജി സുധാകരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button