Kerala

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും; നാളെ ഡി.ജി.പിമാരുമായി കൂടിക്കാഴ്ച, ധനവകുപ്പ് മുഖ്യമന്ത്രിക്ക്, 8 കോൺഗ്രസ് മന്ത്രിമാർ ഉറപ്പായി

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പിന്നാലെ കടുത്ത നിലപാടിലേക്ക് കടന്ന രമേശ് ചെന്നിത്തല ഹൈക്കമാൻഡിന്‍റെയും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍റെയും നേരിട്ടുള്ള അനുനയനീക്കങ്ങൾക്ക് വഴങ്ങിയെന്ന് ഉറപ്പാകുന്നു. വി ഡി സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ചെന്നിത്തല, നാളെ സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോ‍ർട്ട്. സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ള ഡി ജി പിമാരടക്കമുള്ളവരുമായാണ് ചെന്നിത്തലയുടെ നാളത്തെ കൂടിക്കാഴ്ച. സതീശൻ സർക്കാരിൽ ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകളാകും ചെന്നിത്തല കൈകാര്യം ചെയ്യുകയെന്ന് ധാരണയായിട്ടുണ്ട്. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ സതീശൻ നടത്തിയ നീക്കം ഫലം കാണുകയായിരുന്നു. കെ സി വേണു​ഗോപാലും ഇന്ന് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച മറ്റു പേരുകൾ ഈ ഘട്ടത്തിൽ പരി​ഗണിച്ചിട്ടിലെന്നാണ് വിവരം. ജ്യോതികുമാർ ചാമക്കാല അടക്കം നാല് പേരുടെ പേരുകളാണ് ചെന്നിത്തല മുന്നോട്ട് വെച്ചിരിക്കുന്നത്.

അതേസമയം ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെയായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടികയും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകുമെന്നാണ് വ്യക്തമാകുന്നത്. ഇനിയും കുറച്ച് പേരുകള്‍ കൂടി വരാനുണ്ട്. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കുമെന്നാണ് സൂചന. വട്ടിയൂര്‍ക്കാവിൽ മികച്ച വിജയം നേടിയ കെ മുരളീധരന് സുപ്രധാനപ്പെട്ട വകുപ്പുകളിലൊന്നാകും ലഭിക്കുക. മികച്ച വിജയത്തോടെയാണ് ബിന്ദു കൃഷ്ണ നിയമസഭയിലേക്കെത്തുന്നത്. വളരെ സീനിയര്‍ നേതാവായ തിരുവഞ്ചൂരിന് മന്ത്രി അല്ലെങ്കിൽ സ്പീക്കര്‍ സ്ഥാനമായിരിക്കും ലഭിക്കുക എന്നാണ് സൂചന. എന്നാൽ സ്പീക്കര്‍ സ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പുതുപ്പള്ളിയിൽ വേറിട്ട പ്രചാരണ പരിപാടികളോടെ വമ്പൻ വിജയം സ്വന്തമാക്കിയതാണ്, ചാണ്ടി ഉമ്മനും മന്ത്രിസ്ഥാനം ഉറപ്പിച്ച നേതാക്കളുടെ ലിസ്റ്റിൽ ഉൾപ്പെടാൻ കാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button