Blog

രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. വഴുതക്കാട്ടെ വീട്ടിലെത്തിയാണ് സന്ദര്‍ശനം. അടച്ചിട്ട മുറിയില്‍ ഇരുനേതാക്കളും തമ്മില്‍ സംസാരിച്ചു. ജോസഫ് വാഴക്കന്‍, വി ടി ബല്‍റാം, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി എന്നിവരും നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു. ശേഷം ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നു. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ആഭ്യന്തര വകുപ്പ് നൽകി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുമോയെന്നത് ആകാംക്ഷ.

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത അമർഷത്തിലായിരുന്നു രമേശ് ചെന്നിത്തല. വി ഡി സതീശന് ആശംസ പോലും അദ്ദേഹം നേർന്നിരുന്നില്ലെന്ന് മാത്രമല്ല ഗുരുവായൂരിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഗുരുവായൂര്‍ സന്ദര്‍ശന വേളയില്‍ ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഹെെക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

മുഖ്യമന്ത്രിയായി വി ഡി സതീശനെ തീരുമാനിച്ച കാര്യം അറിയിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടപ്പോഴും രമേശ് ചെന്നിത്തല കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. അവഗണന നേരിട്ടുവെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാൽ ഇന്നത്തെ വി ഡി സതീശന്‍റെ കൂടിക്കാഴ്ചയോട് കൂടി മഞ്ഞുരുകിയെന്നാണ് വിവരം. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ വീട്ടിലേക്ക് വി ഡി സതീശന്‍ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button