
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ചന്ദ്രനാഥ് റഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഉത്തർ പ്രദേശിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സിഐഡി, എസ്ടിഎഫ് സംയുക്ത സംഘമാണ് പ്രതികളെ പിടികൂടിയത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ വച്ച് മെയ് ആറിനാണ് വെടിവച്ച് കൊലപ്പെടുത്തിയത്. ബിഹാറിലെ ബക്സർ സ്വദേശിയായ വിശാൽ ശ്രീ വാസ്തവയാണ് അറസ്റ്റിലായവരിൽ ഒരാൾ മറ്റ് രണ്ട് പേർ ഉത്തർ പ്രദേശ് സ്വദേശികളാണ്. ഇവരിലൊരാൾ തോക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ധനാണെന്നാണ് പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുള്ളത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്തർ സംസ്ഥാന ബന്ധവുമുള്ള എട്ട് പേരെയാണ് കൊലപാതകത്തിൽ പൊലീസ് സംശയിക്കുന്നത്.
ചന്ദ്രനാഥ് റഥിനെതിരെ വെടിയുതിർക്കുന്നതിന് കൃത്യമായ പദ്ധതി അക്രമി സംഘത്തിനുണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വിശദമാക്കുന്നത്. ഓസ്ട്രിയൻ നിർമ്മിതമായ ഗ്ലോക്ക് 47 എക്സ് പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊൽക്കത്തയിലെ ടോൾ ബൂത്തിൽ നടത്തിയ യുപിഐ ഇടപാട് ചന്ദ്രനാഥ് റഥിന്റെ കൊലപാതകത്തിൽ നിർണായക തെളിവായെന്നാണ് പൊലീസ് വിശദമാക്കുന്നത്. പ്രതികൾ ബല്ലിയിലെ ടോൾ പ്ലാസ ഉപയോഗിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുൻപും പിന്നാലെയും ഇവിടെ ഇടപാട് നടന്നിട്ടുണ്ട്. ചന്ദ്രനാഥ് റഥിന്റെ വാഹനം അദ്ദേഹത്തിന്റെ വീടിന് 200 മീറ്റർ അകലെ വച്ചാണ് അക്രമികൾ തടഞ്ഞത്. കാർ നിർത്തിയതോടെ ബൈക്കിലെത്തിയ അക്രമികൾ പോയിന്റ് ബ്ലാങ്കിൽ ചന്ദ്രനാഥിനെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
കാറിന്റെ മുൻ സീറ്റിലായിരുന്നു ചന്ദ്രനാഥ് റഥ് ഉണ്ടായിരുന്നത്. ചന്ദ്രനാഥ് റഥ് മുൻസീറ്റിലായിരുന്നു ഉണ്ടായിരുന്നുവെന്നത് അടക്കമുള്ള വിവരത്തേക്കുറിച്ച് അക്രമികൾക്ക് ധാരണയുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ. കേസിൽ എട്ടോളം പേർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. അക്രമത്തിന് ഉപയോഗിച്ച കാറും ബൈക്കും മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. 13 വർഷത്തിനിടയിൽ സുവേന്ദു അധികാരിക്ക് നഷ്ടമാകുന്ന നാലാമത്തെ സഹായിയാണ് ചന്ദ്രനാഥ് റഥ്. 2013ൽ സുവേന്ദു അധികാരി തൃണമൂലിൽ ആയിരിക്കുമ്പോഴാണ് പിഎ ആയിരുന്ന പ്രദീപ് ത്സാ കൊല്ലപ്പെട്ടത്. 2018ൽ സുരക്ഷാ ജീവനക്കാരനായ ശുഭബ്രാത ചക്രബോർത്തിയെ ബാരക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. 2021ൽ അടുത്ത സഹായിയായിരുന്ന പുലക് ലാഹിരിയേയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൃണമൂൽ കോൺഗ്രസിന് വൻ പരാജയം നേരിട്ട തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അക്രമം രൂക്ഷമായതിനിടെയായിരുന്നു ചന്ദ്രനാഥ് കൊല്ലപ്പെട്ടത്.




