
പത്തു വർഷത്തെ നീണ്ട രാഷ്ട്രീയ വനവാസത്തിന് വിരാമമിട്ട് കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് കോൺഗ്രസ് ഗംഭീരമായി തിരിച്ചെത്തുമ്പോൾ, വിജയത്തിന്റെ പ്രഭ കുറയ്ക്കുന്ന രീതിയിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള വടംവലി മുറുകുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം സഭയ്ക്കകത്തും പുറത്തും സർക്കാരിനെ മുൾമുനയിൽ നിർത്തിയ വി.ഡി. സതീശനെ തന്നെ ഭരണത്തലവനാക്കണമെന്ന ആവശ്യവുമായി അണികൾ ഇതിനോടകം തെരുവിലിറങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ‘പട നയിച്ചവൻ ഭരിക്കട്ടെ’ എന്ന വികാരം തുളുമ്പുന്ന മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും സാധാരണക്കാരും തീർക്കുന്ന പ്രതിഷേധ തിരമാലകൾ പാർട്ടി നേതൃത്വത്തെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തുകയാണ്.
കേരള രാഷ്ട്രീയ ചരിത്രത്തിൽ പാർട്ടിയുടെ ഔദ്യോഗിക തീരുമാനങ്ങളെ അണികൾ തെരുവിൽ തിരുത്തിച്ച ഏറ്റവും വലിയ ഉദാഹരണമാണ് 2006-ലെ വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാർത്ഥിത്വം. അന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും വി.എസിന് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നാൽ ഈ വാർത്ത പുറത്തുവന്നതോടെ കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
‘കണ്ണേ കരളേ വിഎസേ’ എന്ന മുദ്രാവാക്യവുമായി സി.പി.എം കോട്ടകളിൽ പോലും പ്രവർത്തകർ പരസ്യമായി തെരുവിലിറങ്ങി. പാർട്ടി അച്ചടക്കത്തെക്കാൾ വലുത് വി.എസ് എന്ന വികാരമാണെന്ന് അണികൾ പ്രഖ്യാപിച്ചു.
ജനരോഷം ആളിപ്പടർന്നതോടെ കേന്ദ്ര നേതൃത്വം ഇടപെട്ടു. ഒടുവിൽ വി.എസിനെ മത്സരിപ്പിക്കാൻ പാർട്ടി നിർബന്ധിതരായി. ആ തരംഗത്തിൽ എൽ.ഡി.എഫ് അധികാരത്തിലെത്തുകയും വി.എസ് മുഖ്യമന്ത്രിയാവുകയും ചെയ്തു. പാർട്ടിക്ക് മുകളിൽ ജനഹിതം വിജയിച്ച അപൂർവ്വ നിമിഷമായിരുന്നു അത്.




