KeralaNews

‘പട നയിച്ചവന്‍ നാട് നയിക്കും’; ക്ലിഫ് ഹൗസിന് സമീപം വി ഡി സതീശനായി ഫ്‌ളക്‌സ്

നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകൾ. ഇത്തവണ ക്ലിഫ് ഹൗസിന് സമീപത്താണ് സതീശനായി ബോര്‍ഡുകള്‍ ഉയര്‍ന്നത്. നന്തന്‍കോട് ജംഗ്ഷനില്‍ പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സില്‍ പട നയിച്ചവന്‍ നാട് നയിക്കും എന്നാണ് എഴുതിയിരിക്കുന്നത്. ഒപ്പം നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങളെന്നും എഴുതിയിട്ടുണ്ട്. തൊടുപുഴയിൽ വീണ്ടും സതീശനായി ഫ്‌ളക്‌സ് ബോർഡ് ഉയർന്നു. വെങ്ങല്ലൂരിലാണ് കോൺഗ്രസ് പ്രവർത്തകർ ഫ്‌ളക്‌സ് വെച്ചത്. ‘കേരളം ജയിച്ചു , VDS നയിക്കും’ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച കൊഴുക്കുന്നതിനിടെ സതീശനെ അനുകൂലിച്ച് കണ്ണൂരും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിരുന്നു. ‘നാടിന്റെ കരുത്തിന് നട്ടെല്ലുളള നേതൃത്വം’ എന്ന വാചകത്തോടെയാണ് ഫ്‌ളക്‌സ് ബോര്‍ഡ്. കാടാച്ചിറയിലെ യൂത്തന്മാര്‍ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ആയിരം തെരഞ്ഞെടുപ്പുകള്‍ തോറ്റാലും ഒരു വര്‍ഗീയ വാദിയുടെ വോട്ടുപോലും തങ്ങള്‍ക്ക് വേണ്ട എന്നും ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിയിരുന്നു. കണ്ണൂരില്‍ നേരത്തെയും വി ഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഫ്‌ളക്‌സിലെ വാചകം.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വി ഡി സതീശനായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയർന്നിരുന്നു. മൂവാറ്റുപുഴയിലും തൊടുപുഴയിലും എറണാകുളം കങ്ങരപ്പടിയിലും ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടിരുന്നു. മൂവാറ്റുപുഴ ടൗണ്‍ യുപി സ്‌കൂളിന് മുന്‍വശത്തും വെള്ളൂര്‍ക്കുന്നം സിഗ്‌നല്‍ ജംഗ്ഷനിലുമാണ് വലിയ ഫ്‌ളക്‌സുകൾ സ്ഥാപിച്ച നിലയില്‍ കണ്ടെത്തിയത്. ‘വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ കേരളത്തില്‍ ഉണ്ടായ സാഹചര്യം ഓര്‍ത്താല്‍ നന്ന്’ എന്നായിരുന്നു ഫ്‌ളക്‌സിലെ വാചകം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button