KeralaNews

‘അവർ വിഷം വിളമ്പുന്നവരല്ല’, ഭക്ഷ്യവിഷബാധ ആരോപണത്തിൽ വിഴിഞ്ഞത്തെ രുചിയിടങ്ങളിൽ ആളൊഴിയുന്നു ; ഡിവൈഎഫ്ഐ നേതാവിന്റെ കുറിപ്പ് വൈറൽ

തിരുവനന്തപുരം: കേരളത്തിലെ ശ്രദ്ധേയമായ ഫുഡ് സ്പോട്ടുകളിൽ ഒന്നായ വിഴിഞ്ഞം ഗുരുതര പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി ഡി വൈ എഫ് ഐ നേതാവ് എം ആർ സിബി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഭക്ഷ്യവിഷബാധ ആരോപണങ്ങൾക്ക് പിന്നാലെ വിഴിഞ്ഞത്തെ ഭക്ഷണശാലകൾ നേരിടുന്ന പ്രതിസന്ധിയും മത്സ്യതൊഴിലാളികളുടെയും തൊഴിലാളികളുടെയും ജീവിതപ്രശ്നങ്ങളും അദ്ദേഹം കുറിപ്പിൽ തുറന്നു പറയുന്നു.

ഒരുകാലത്ത് ഭക്ഷണം കഴിക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നിരുന്ന വിഴിഞ്ഞത്തെ ഹോട്ടലുകൾ ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് എം ആർ സിബി പറയുന്നു. മിതമായ വിലയിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകി കുടുംബബന്ധങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും ഇടമായിരുന്ന ആ സ്ഥലങ്ങൾ ഇന്ന് ആളൊഴിഞ്ഞ നിലയിലാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ഭക്ഷ്യവിഷബാധയെന്ന പേരിൽ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും, പിന്നീട് അത് ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമായപ്പോൾ അതേ പ്രാധാന്യത്തോടെ വാർത്തകൾ വന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഇതോടെ രാത്രി ജോലി നഷ്ടപ്പെട്ട മത്സ്യതൊഴിലാളികളും ഹോട്ടലുകളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായെന്നും കുറിപ്പിൽ പറയുന്നു.

“മഹാപ്രളയം വന്നപ്പോൾ നമ്മളെ ചേർത്ത് നിർത്തിയ മനുഷ്യരാണ് അവിടെ ഉള്ളത്. അവർ നമ്മളെ ചതിക്കില്ല. വിഴിഞ്ഞത്തെ വീണ്ടും ചേർത്ത് നിർത്താൻ നമ്മൾ ഒരുമിക്കണം,” എന്നാണ് എം ആർ സിബിയുടെ ആഹ്വാനം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അധികാരികൾ ശക്തമായ പരിശോധനകൾ നടത്തണമെന്നും, ഉപ്പ് മുതൽ കർപ്പൂരം വരെ പരിശോധന ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന്റെ ഭക്ഷണ സംസ്കാരവും കടൽഭക്ഷണ പാരമ്പര്യവും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button