Blog

ഇറാൻ യുദ്ധം അനിവാര്യം; പിൻവാങ്ങില്ലെന്ന് പീറ്റ് ഹെഗ്‌സെത്ത്; യുദ്ധച്ചെലവ് 25 ബില്യൺ ഡോളറെന്ന് പെന്റഗൺ

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയെ പ്രതിരോധിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുഎസ് കോൺഗ്രസിലാണ് പീറ്റ് ഹെഗ്‌സെത്തും പെന്റഗൺ നേതൃത്വവും സൈനിക നടപടിയെ പ്രതിരോധിച്ചുള്ള വാദങ്ങൾ ഉയർത്തിയത്. ഇറാൻ യുദ്ധത്തെ കുറിച്ച് കടുത്ത ചോദ്യങ്ങളാണ് യുഎസ് കോൺഗ്രസിൽ പീറ്റ് ഹെഗ്സെത്ത് നേരിട്ടത്.യുദ്ധം എന്തിനായിരുന്നുവെന്നാണ് ജനപ്രതിനിധികൾ ചോദിച്ചത്. ഈ ഘട്ടത്തിൽ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിയോഗികൾ ഡെമോക്രറ്റുകളും ചില റിപ്പബ്ലിക്കൻ അംഗങ്ങളുമെന്നാണ് പീറ്റ് ഹെഗ്സെത്ത് യുഎസ് കോൺഗ്രസിൽ ആരോപിച്ചത്. ക്യാപിറ്റോൾ മന്ദിരത്തിൽ പീറ്റ് ഹെഗ്‌സെത്തിനെതിരെ പ്രതിഷേധവും നടന്നു.

ഇറാനുമായുള്ള യുദ്ധം അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിയോ അല്ലെങ്കിൽ ചതുപ്പിൽ താഴ്ന്നതുപോലെയുള്ള അവസ്ഥയോ അല്ലെന്നാണ് പീറ്റ് ഹെഗ്‌സെത്ത് വിശദമാക്കിയത്. ബുധനാഴ്ച ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിൽ നടന്ന ഹിയറിംഗിലാണ് അദ്ദേഹം സർക്കാരിന്റെ നയങ്ങളെ ന്യായീകരിച്ചത്. യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയുടെ സൈനിക ശേഷിയെ തളർത്തുന്ന വിയറ്റ്നാം മോഡൽ കെണിയായി മാറുമോ എന്ന ജനപ്രതിനിധികളുടെ ആശങ്കകളെ പീറ്റ് ഹെഗ്സെത്ത് തള്ളി. ഇറാൻ ഭരണകൂടത്തിന്റെ ആണവായുധ മോഹങ്ങളെയും പ്രാദേശിക അസ്ഥിരതയെയും തകർക്കാൻ ഈ സൈനിക നടപടി അത്യന്താപേക്ഷിതമാണെന്ന് ഹെഗ്‌സെത്ത് വാദിച്ചു. മുൻ ഭരണകൂടങ്ങൾ ഇറാനോട് മൃദുസമീപനം സ്വീകരിച്ചതാണ് സ്ഥിതിഗതികൾ ഇത്രത്തോളം വഷളാക്കിയതെന്നും പീറ്റ് ഹെഗ്‌സെത്ത് ആരോപിച്ചു.

യുദ്ധം എന്നത്തേക്ക് അവസാനിക്കുമെന്നോ അല്ലെങ്കിൽ ഇതിൽ നിന്നുള്ള എക്സിറ്റ് പ്ലാൻ എന്താണെന്നോ വ്യക്തമാക്കാൻ ഡെമോക്രാറ്റിക് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും കൃത്യമായ സമയപരിധി നിശ്ചയിക്കാൻ പീറ്റ് ഹെഗ്‌സെത്ത് തയ്യാറായില്ല. എന്നാൽ അമേരിക്ക ലക്ഷ്യം കാണുന്നത് വരെ പിൻവാങ്ങില്ലെന്നും ഇറാന്റെ ഭീഷണികളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പീറ്റ് ഹെഗ്‌സെത്ത് ആവർത്തിച്ചു. സൈനിക നടപടി കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അത് അമേരിക്കയുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും പീറ്റ് ഹെഗ്‌സെത്ത് സഭയെ അറിയിച്ചു. അതേസമയം ഇറാൻ തീർത്തും ദുര്ബലമായെന്നാണ് പെന്റഗൺ യുഎസ് കോൺഗ്രസിൽ വിശദമാക്കിയത്. അമേരിക്കയുടെ ഇറാൻ യുദ്ധ ചിലവ് ഇത് വരെ 25 ബില്യൻ ഡോളർ ആണെന്നും പെന്റഗൺ വിലയിരുത്തി. 14 യുഎസ് സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നും പെന്റഗൺ വിശദമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button