ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചില്ല, സംസ്കാര ചടങ്ങിലും പങ്കെടുക്കാൻ അനുവദിച്ചില്ല; ബെംഗളൂരുവിൽ വിദ്യാർത്ഥി പ്രതിഷേധം

ബെംഗളൂരു: മലയാളി നേഴ്സിംഗ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ പ്രതിഷേധം. ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയത്. കൂടാതെ ആദിത്യത്തിന്റെ സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർത്ഥികളെ അനുവദിക്കാത്തതിലും പ്രതിഷേധമുണ്ടായി. അതേസമയം, ആദിത്യന്റെ ഫോട്ടോയ്ക്ക് മുന്നിൽ പ്രാർത്ഥിക്കാനാണ് കോളേജ് അധികൃതർ ആവശ്യപ്പെട്ടതെന്ന് വിദ്യാർത്ഥികൾ പറയുന്നു. അധ്യാപകനെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ആരോപണ വിധേയനായ അധ്യാപകന് മരണത്തിൽ പങ്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മാനേജ്മെന്റുമായി ചർച്ച ചെയ്യാമെന്ന് കോളേജ് അധികൃതർ പറയുന്നു. എന്നാൽ ചർച്ച തങ്ങൾക്ക് മുന്നിൽവച്ച് വേണമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. നേരത്തെ, ആദിത്യന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നു എന്നാണ് പരാതി. വിദ്യാർത്ഥി ജീവനൊടുക്കിയത് ഒറ്റപ്പെടൽ നേരിട്ടതുകൊണ്ടാണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
മരണ വിവരം അറിഞ്ഞ ഇന്നലെ ബംഗളൂരുവിൽ എത്തിയ അച്ഛൻ പ്രദീപ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോട് ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് മാനേജ്മെന്റ് തറപ്പിച്ച് പറഞ്ഞതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്. പരാതി സ്വീകരിക്കാൻ ആദ്യഘട്ടത്തിൽ ഹെബ്ബഗോഡി പൊലീസ് വിമുഖത കാണിച്ചതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ബെംഗളൂരുവിലെ ഒരു അഭിഭാഷകന്റെ ഇടപെടലിനു ശേഷമാണ് പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയ്യാറായത്. സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആദിത്യൻ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതും ദുരൂഹമാണ്.




