Blog

യുഡിഎഫ് വിജയപ്രവചനം: കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായി വടംവലി; സതീശന് പിന്തുണയുമായി മുസ്ലിം ലീഗ്

തിരുവനന്തപുരം: എക്സിറ്റ് പോളുകൾ കൂടെ വിജയം പ്രവചിച്ചതോടെ കോണ്‍ഗ്രസിനുള്ളിൽ മുഖ്യമന്ത്രിയാകാനുള്ള പോര് കടുക്കുന്നു. കെ സി വേണുഗോപാൽ പക്ഷത്തിന്‍റെ നീക്കങ്ങൾ എന്താകുമെന്ന ആകാംക്ഷയിലാണ് ചെന്നിത്തല പക്ഷവും സതീശൻ പക്ഷവും. ഇതിനിടെ കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെന്‍ററി ഷൂട്ടിംഗ് നിർത്തിവെച്ചിരുന്നു. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് ഷൂട്ടിംഗ് നിര്‍ത്തിയതെന്നാണ് സൂചന. അതേസമയം, കെസി പക്ഷത്തിന്‍റെ പിന്തുണ ചെന്നിത്തല വിഭാഗം പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, കളമൊഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും കളത്തിൽ തന്നെയുണ്ടെന്നുമാണ് കെ സി പക്ഷം പറയാതെ പറയുന്നത്. മുസ്ലീം ലീഗ് സതീശൻ അനുകൂല നിലപാട് പരസ്യമായി എടുത്തത് ചെന്നിത്തല, കെ സി പക്ഷങ്ങൾക്ക് കനത്ത ക്ഷീണമായിട്ടുണ്ട്. ഇതിൽ കെസി, ആർസി പക്ഷത്തിന് കടുത്ത അമര്‍ഷവുമുണ്ട്. വോട്ടെണ്ണൽ തീയതി അടുത്തതോടെ കോണ്‍ഗ്രസിനുള്ളിൽ വമ്പൻ നീക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളാണ് തുറന്ന് വരുന്നത്.

പത്തുവര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന് തിരിച്ചടി നല്‍കി കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ സര്‍വേ 78-90 സീറ്റുകളാണ് യുഡിഎഫിന് പ്രവചിക്കുന്നതെങ്കില്‍ പീപ്പിള്‍ പള്‍സ് 75-85 സീറ്റുകള്‍ പ്രവചിക്കുന്നു. സിഎന്‍എന്‍ വോട്ട് വൈബ് 70-80, പീപ്പിള്‍ പള്‍സ് 75-85, ടൈംസ് നൗ ജെവിസി 70-75, ജേര്‍ണോ മിറര്‍ 65-80, പീപ്പിള്‍ ഇന്‍സൈറ്റ് 66-76, ചാണക്യ സ്ട്രാറ്റജീസ് 72-80, പി മാര്‍ക്ക് 71-79 എന്നിങ്ങനെയാണ് മറ്റ് ഏജന്‍സികള്‍ യൂഡിഎഫ് ഭരണത്തിന് സാധ്യത കല്‍പ്പിക്കുന്നത്.

ലീഗ് സതീശനൊപ്പം
ഇതിനിടെയാണ് എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ പരസ്യ പ്രതികരണം നടത്തിയത്. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നതെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോൺ​ഗ്രസ് ഹൈക്കമാൻഡ് ആണ്. കോൺ​ഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. അവരും കാര്യങ്ങൾ മനസ്സിലാക്കുന്നവരാണല്ലോയെന്നും സാദിഖലി ശിഹാബ്‌ തങ്ങൾ വ്യക്തമാക്കി. അർഹതപ്പെട്ടത് ലീ​ഗിന് ലഭിക്കും. ലീഗിന്‍റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണെന്നും പുറത്തുള്ളവരാരും ലീഗിന്‍റെ അജണ്ട നിശ്ചയിക്കാറില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button