പഞ്ചാബിൽ രാഷ്ട്രീയ പ്രതിസന്ധി; നാളെ എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ച് എഎപി; എംപിമാർ ബിജെപിയിൽ ചേർന്നതിൽ പ്രതിഷേധം

ദില്ലി:കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ നാളെ പഞ്ചാബില്‍ അടിയന്തര യോഗം വിളിച്ച് ആംആദ്മി പാര്‍ട്ടി. രാവിലെ ജലന്ധറിലാണ് യോഗം. 92 എംഎല്‍എമാരില്‍ ചിലരെങ്കിലും പാര്‍ട്ടി വിട്ടവര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്ന സൂചനകള്‍ക്കിടെ ശക്തി തിരിച്ചറിയാന്‍ കൂടിയാണ് യോഗം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിളിച്ച യോഗത്തില്‍ ഓണ്‍ലൈനായി അരവിന്ദ് കെജരിവാളും പങ്കെടുക്കും.
ഇതിനിടെ രാഘവ് ഛദ്ദയടക്കം നേതാക്കളുടെ ബിജെപി പ്രവേശം അംഗീകരിച്ച രാജ്യ സഭ സെക്രട്ടറിയേറ്റ് നടപടിക്കെതിരെ ആപ് കടുത്ത പ്രതിഷേധം അറിയിച്ചു. പാര്‍ട്ടി നല്കിയ നോട്ടീസ് പരിഗണിച്ചില്ലെന്ന് മാത്രമല്ല പാര്‍ട്ടിയോടാലോചിക്കാതെയാണ് ഏഴ് എംപിമാരെ ബിജെപിക്കൊപ്പം ചേര്‍ത്ത് പട്ടികയിറക്കിയതെന്ന് രാജ്യസഭ നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു. ഇതിനിടെ തന്റേത് ഗാന്ധി മാര്‍ഗമാണെന്ന് വ്യക്തമാക്കിയ അരവിന്ദ് കെജരിവാള്‍ നേതാക്കള്‍ക്കൊപ്പം രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി.




